കൊയിലാണ്ടി: പാചകവാതക ലഭ്യതയിലുണ്ടായ കുറവ് മൂലം ചെറുകിട യൂണിറ്റുകൾ ഉൾപ്പെടെയുള്ള ബേക്കറികൾ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് ബേക്കേഴ്സ് അസോസിയേഷൻ. ഗ്യാസ് വിതരണം തടസ്സപ്പെട്ടത് മേഖലയിലെ ഭക്ഷ്യോല്പാദനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റേഷനിങ് സംവിധാനം ഏർപ്പെടുത്തി ബേക്കറികൾക്കും ഭക്ഷ്യോല്പാദന യൂണിറ്റുകൾക്കും മുൻഗണനാ അടിസ്ഥാനത്തിൽ സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷയത്തിൽ സർക്കാരിന്റെയും അധികൃതരുടെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടേണ്ടി വരുമെന്ന് യോഗം വിലയിരുത്തി.
പി.കെ. മനീഷ് (മലബാർ), സജിത്ത് (തീരം പൂക്കാട്), ടി.പി. ഇസ്മായിൽ (നക്ഷത്ര), നാഫിക് കെ., കണ്ണൻ, ദിലീപ്, അൻവർ (ഫെയ്മസ്), ഷമീർ എന്നിവർ സംസാരിച്ചു.
