സമരത്തിനിറങ്ങിയ നഴ്സുമാരെ പിരിച്ചുവിടുമെന്ന് ഭീഷണി; കോഴിക്കോട്  ബേബി മെമ്മോറിയലിൽ മാനേജ്മെന്റും നഴ്സുമാരും നേർക്കുനേർ

news image
Mar 9, 2026, 6:55 am GMT+0000 payyolionline.in

കോഴിക്കോട്: മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സംസ്ഥാന വ്യാപക പണിമുടക്കിന്റെ ഭാഗമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സംഘർഷം. സമരത്തിനെത്തിയ നഴ്സുമാരെ മാനേജ്മെന്റ് തടഞ്ഞുവെച്ചതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും നഴ്സുമാർ ആരോപിച്ചു. പണിമുടക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഇന്ന് രാവിലെ മുതൽ ജോലി ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങുമെന്ന് നഴ്സുമാർ നേരത്തെ തന്നെ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ, രാവിലെ ക്ലാസുണ്ടെന്ന് പറഞ്ഞ് നഴ്സുമാരെ തടഞ്ഞുവെച്ച് നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാൻ ശ്രമിച്ചതായി യുഎൻഎ (UNA) ഭാരവാഹികൾ പറഞ്ഞു. കൂടുതൽ നഴ്സുമാർ സമരവേദിയിലേക്ക് എത്തിയതോടെ മാനേജ്മെന്റ് പ്രതിനിധികൾ ഇവരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ മുതിരുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായത്. എന്നാൽ, കയ്യേറ്റം ചെയ്തെന്ന ആരോപണം ആശുപത്രി മാനേജ്മെന്റ് നിഷേധിച്ചു.

ശമ്പള വർധനവ് സംബന്ധിച്ച് യുഎൻഎയുമായി ധാരണയിലെത്താത്ത കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രധാന ആശുപത്രികളിലാണ് നിലവിൽ സമരം ശക്തമായി തുടരുന്നത്. മറ്റ് ജില്ലകളിലെ ഇരുനൂറോളം സ്വകാര്യ ആശുപത്രികൾ വേതനം വർധിപ്പിക്കാമെന്ന് ഉറപ്പുനൽകിയതോടെ അവിടെ സമരം പിൻവലിച്ചിട്ടുണ്ട്. സർക്കാർ നിശ്ചയിച്ച മിനിമം വേതനത്തേക്കാൾ കൂടുതൽ തുക നൽകാമെന്ന് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കുമെന്നും മറ്റുള്ളവയിടങ്ങളിൽ ചർച്ചകൾ തുടരുമെന്നും യുഎൻഎ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe