നിലമ്പൂർ: അവസാന ശ്രമം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് കാണിച്ചുതരികയാണ് ബിബീഷിന് വന്നെത്തിയ ഭാഗ്യം. ഷാർജയിലെ ചുട്ടുപൊള്ളുന്ന മണലാരുണ്യത്തിൽ നിന്ന് കരകയറാനായി ബിബീഷ് ഇടയ്ക്കിടെ ഭാഗ്യപരീക്ഷണം നടത്താറുള്ളതാണ്. പക്ഷെ അപ്പോഴൊന്നും ഭാഗ്യം തുണച്ചില്ല. ഒടുവിൽ എല്ലാം മതിയാക്കിയിരിക്കെ ഒരു അവസാനവട്ട ശ്രമം എന്ന നിലയ്ക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റാണ് ബിബീഷിന് ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്.
നിലമ്പൂർ വഴിക്കടവ് സ്വദേശിയായ ബിബീഷ് ഷാർജയിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 15 വർഷമായി ബിബീഷ് സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. എന്നാൽ അപ്പോഴെല്ലാം ഭാഗ്യദേവത ബിബീഷിനോട് മുഖം തിരിച്ച് ഇരിക്കുകയായിരുന്നു. ഒടുവിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ എടുത്ത ടിക്കറ്റിൽ ബിബീഷിനെ ഭാഗ്യം തുണച്ചു. 1.5 കോടി ദിർഹം, അതായത് 37 കോടി രൂപയാണ് ബിബീഷ് നേടിയത്. വിയർപ്പൊഴുക്കിയ മണ്ണ് തന്നെ അംഗീകരിച്ചതുപോലെ !
ഫെബ്രുവരി ഏഴിന് നാട്ടിലേക്ക് പോരാൻ തയ്യാറെടുക്കുന്നതിനിടെ ബിബീഷ് ആയിരം ദിർഹത്തിന്റെ ടിക്കറ്റുകൾ വാങ്ങിയിരുന്നു. പിന്നീട് ഫെബ്രുവരി 28ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു ടിക്കറ്റ് കൂടിയെടുക്കാൻ ബിബീഷിന് നിർബന്ധിക്കുകയായിരുന്നു. എന്നാൽ താനില്ല എന്നുപറഞ്ഞ് ബിബീഷ് ഒഴിവാക്കാൻ നോക്കിയെങ്കിലും അവർ വിട്ടില്ല. അങ്ങനെ അന്ന് രാത്രി ബിബീഷിന് വേണ്ടി അവരെല്ലാവരും ചേർന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോൾ സമ്മാനം അടിച്ചിരിക്കുന്നത്.
ജോലി കഴിഞ്ഞ് ഷാർജയിലെ റൂമിലേക്ക് മടങ്ങുംവഴിയാണ് ഈ ഭാഗ്യസന്ദേശം ബിബീഷിനെ തേടിയെത്തിയത്. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളായതിനാൽ മറ്റെന്തെങ്കിലും കാര്യം പറയാനാകും തന്നെ വിളിച്ചത് എന്നായിരുന്നു ബിബീഷ് കരുതിയിരുന്നത്. എന്നാൽ ഭാര്യ അടക്കം വെബ്സൈറ്റിൽ പേരുവന്നത് ഉറപ്പുവരുത്തി. ബിബീഷിന് ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
എന്തിനാണ് ഇങ്ങനെ ടിക്കറ്റ് എടുത്ത് പണം കളയുന്നത് എന്നും ആ പണം താൻ സൂക്ഷിച്ച് വെയ്ക്കാമെന്നും ബിബീഷിന്റെ അമ്മ ഇടയ്ക്കിടെ പറയുന്നതാണ്. പക്ഷെ ബിബീഷ് ഭാഗ്യപരീക്ഷണം തുടർന്നുകൊണ്ടേയിരിക്കുകയായിരുന്നു. സമ്മാനമായി ലഭിച്ച തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനാണ് ബിബീഷിന്റെ തീരുമാനം.
