കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെ എതിർത്ത് പ്രോസിക്യൂഷൻ. വാദത്തിനിടെ ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങൾക്കാണ് പ്രോസിക്യൂഷൻ മറുപടി നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ അനധികൃതമായാണ് ഒന്നാംപ്രതിയിൽ നിന്ന് ആന്റണി രാജു തൊണ്ടിമുതൽ കൈപ്പറ്റിയത്. തൊണ്ടിമുതൽ കൈമാറാൻ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലിൽ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂർ പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
അക്കാലയളവിൽ എന്തൊക്കെ ചെയ്തുവെന്ന് പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന കുറ്റകൃത്യമാണിത്. തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിയിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.
തെരഞ്ഞെടുപ്പിലെ മത്സരം ആന്റണി രാജുവിന്റെ രാഷ്ട്രീയ ആവശ്യമാണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമേ ശിക്ഷാവിധി മരവിപ്പിക്കാനാവൂ. ഈ കേസിലെ പ്രതി അത്തരം ഇളവുകൾ അർഹിക്കുന്നില്ലെന്നുമാണ് പോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകിയ മറുപടി. ആന്റണി രാജുവിന്റെ അപ്പീൽ നാളെ പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്റെ മറുപടി സത്യവാങ്മൂലം.
