ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്ന് പി കെ ശശി; പരിഹാസ മറുപടിയുമായി പി എം ആര്‍ഷോ

news image
Mar 5, 2026, 9:43 am GMT+0000 payyolionline.in

പാലക്കാട്: ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്ന പി കെ ശശിയുടെ പ്രതികരണത്തിന് പരിഹാസ മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഫേസ്ബുക്കിലൂടെയായിരുന്നു ആര്‍ഷോയുടെ പ്രതികരണം. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനൊപ്പം ‘ഓ സന്തോഷം’ എന്ന ക്യാപ്ഷനും ഒരു സ്‌മൈലിയുമായായിരുന്നു ആര്‍ഷോയുടെ പ്രതികരണം.

 

സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നവര്‍ ചേര്‍ന്ന് പാലക്കാട് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ആര്‍ഷോയ്‌ക്കെതിരെ പി കെ ശശി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്നായിരുന്നു പി കെ ശശി പറഞ്ഞത്. കാണിച്ച് തരാമെന്ന ഭീഷണി ഇങ്ങോട്ട് വേണ്ട. എറണാകുളത്ത് നിന്ന് വന്ന ഇയാള്‍ക്ക് ചാരാതെ നില്‍ക്കാനാകില്ലെന്നും പി കെ ശശി പറഞ്ഞിരുന്നു. നേരത്തേ പി കെ ശശിക്കെതിരെ രൂക്ഷ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു ശശിയുടെ പ്രതികരണം.

2025 ജൂലൈയില്‍ സിപിഐഎം ഏരിയാ കമ്മിറ്റിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ പി കെ ശശിക്കെതിരെ രൂക്ഷ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തിയിരുന്നു. തങ്ങളാകെ കാരക്കാമുറി ഷണ്‍മുഖനും ബിലാലുമാണെന്നുമാണ് ചില ചട്ടമ്പികളുടെ വിചാരമെന്നായിരുന്നു ആര്‍ഷോ പറഞ്ഞത്. ഇതിന് തൊട്ടുമുന്‍പ് മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പി കെ ശശി നടത്തിയ ബിലാല്‍ പരാമര്‍ശം ഉന്നംവെച്ചായിരുന്നു ആര്‍ഷോയുടെ പ്രതികരണം. കൊച്ചി പഴയ കൊച്ചിയല്ലെന്നും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നുമായിരുന്നു ശശി അന്ന് പറഞ്ഞത്. ബിലാല്‍ അര ട്രൗസര്‍ ഇട്ട കാലത്ത് മേരി ടീച്ചര്‍ കൂട്ടിക്കൊണ്ടുപോയെന്നും നേരെ നിവര്‍ന്നുവില്‍ക്കാന്‍ അയാളെ പ്രാപ്തനാക്കിയത് മേരി ടീച്ചറാണെന്നും ആര്‍ഷോ പറഞ്ഞിരുന്നു. അങ്ങനെയാണ് ബിലാല്‍ ബിലാലായി മാറിയത്. നേരെ നില്‍ക്കാന്‍ പ്രാപ്തനായ ബിലാല്‍ പിന്നീട് സായിപ്പ് ടോണിയായി മാറി മേരി ടീച്ചറുടെ തലയ്ക്ക് ഗുണ്ടെറിയാന്‍ ആളെ പറഞ്ഞുവിട്ടു. പൊന്നുമോന്‍ ബിലാല്‍ ഒരു കാര്യം ഓര്‍ക്കണം. മേരി ടീച്ചര്‍ക്ക് വേറെയുമുണ്ട് മക്കള്‍. ആ മക്കള്‍ ഇറങ്ങിയാല്‍ സായിപ്പ് ടോണിയുടെ മുട്ടിന്റെ ചിരട്ട കാണില്ലെന്നും ആര്‍ഷോ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe