തിരൂർ: മണിയറയിൽ ഒളിപ്പിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി നവവരനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാൻ (26) ആണ് പിടിയിലായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പ്രതി ലഹരിമരുന്ന് കേസിലകപ്പെടുന്നത്.
തിരൂർ പൊറ്റിലാത്തറയിൽ വെച്ച് പ്രതി സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് പോലീസ് എം.ഡി.എം.എ പിടികൂടിയിരുന്നു. തുടര്ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ലഹരിമരുന്ന് ഉപയോഗത്തിനും വിൽപനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കി ശേഖരം നവവധുവിന്റെ വീട്ടിലെ മണിയറയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഷിബാൻ മൊഴി നൽകിയത്.
പോലീസ് സംഘം ഭാര്യവീട്ടിലെത്തി നടത്തിയ തിരച്ചിലിൽ മണിയറയിലെ ബാത്ത്റൂമിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. കാറിൽ നിന്നും വീടിനുള്ളിൽ നിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
