യുദ്ധം പടരുന്നു; ഒമാനടക്കം ആറ് ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണം, പ്രവാസികൾക്ക് പരിക്ക്

news image
Mar 1, 2026, 1:33 pm GMT+0000 payyolionline.in

 

ദുബായ്: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വ്യാപക ഡ്രോൺ ആക്രമണം. മധ്യസ്ഥ റോളിലുണ്ടായിരുന്ന ഒമാനെപ്പോലും ഒഴിവാക്കാതെ ആറ് രാജ്യങ്ങളിലാണ് ഇറാൻ ഡ്രോൺ വർഷം നടത്തിയത്. ഒമാനിലെ ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. തൊഴിലാളികളുടെ താമസസ്ഥലത്ത് ഡ്രോൺ വീണ് ഒരു പ്രവാസിക്ക് പരിക്കേറ്റു. ഇന്ധന ടാങ്കിന് സമീപമാണ് മറ്റൊരു ഡ്രോൺ പതിച്ചത്.

ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാരെ ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം രക്ഷപ്പെടുത്തി. ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലും സ്ഥിതി ആശങ്കാജനകമാണ്. ദുബായിൽ വീടുകളുടെ വരാന്തകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് സ്വദേശികൾക്ക് പരിക്കേറ്റു. ബഹ്റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെയും ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജബൽ അലി ഉൾപ്പെടെയുള്ള പ്രധാന തുറമുഖങ്ങളെയും നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ നീക്കം.

ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി

മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 2-ന് നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിയത്. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഇറാൻ എന്നിവിടങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മാർച്ച് 3-ന് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി.

സംഘർഷം കടുത്തതോടെ ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചു. വിമാനത്താവളങ്ങൾ അടച്ചതോടെ ആയിരക്കണക്കിന് മലയാളികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe