ആഭരണം മുക്കുപണ്ടമെന്ന് ജീവനക്കാരൻ, സ്വർണമെന്ന് ഉടമ; താമരശ്ശേരിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണത്തെ ചൊല്ലി സംഘർഷം, യുവാവിന് പരിക്ക്

news image
Feb 26, 2026, 12:33 pm GMT+0000 payyolionline.in

താമരശ്ശേരി: കളഞ്ഞുകിട്ടിയ ആഭരണം തിരികെ നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. താമരശ്ശേരി ചുടലമുക്ക് സ്വദേശി ബിനേഷിനാണ് (ചായക്കട ജീവനക്കാരൻ) മർദ്ദനമേറ്റത്. സംഭവത്തിൽ പരപ്പൻപൊയിൽ സ്വദേശി നാസറുമായാണ് തർക്കമുണ്ടായത്. പരിക്കേറ്റ ബിനേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 14-നാണ് സംഭവങ്ങളുടെ തുടക്കം. താമരശ്ശേരിയിലെ ചായക്കടയ്ക്ക് മുൻപിൽ നിന്ന് നാസറിന് ഒരു ആഭരണം കളഞ്ഞുകിട്ടിയിരുന്നു. ഇത് ഉടമയെ ഏൽപ്പിക്കാനായി കടയിലെ ജീവനക്കാരനായ ബിനേഷിനെ നാസർ ഏൽപ്പിച്ചു. ആഭരണം ലഭിച്ച വിവരം കടയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും നാസർ നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീട് പലതവണ നാസർ കടയിലെത്തി അന്വേഷിച്ചപ്പോൾ ബിനേഷ് പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്.

ആഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുവെന്ന് ബിനേഷ് പറഞ്ഞെങ്കിലും നാസർ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊന്ന് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് കഴിഞ്ഞ ദിവസം നാസർ വീണ്ടും കടയിലെത്തി ചോദ്യം ചെയ്തപ്പോൾ, അത് മുക്കുപണ്ടമായിരുന്നുവെന്നും താൻ അത് കളഞ്ഞുവെന്നും ബിനേഷ് മറുപടി നൽകി. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ ബിനേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആഭരണം സ്വർണ്ണമായിരുന്നുവെന്നും അത് ബിനേഷ് കൈക്കലാക്കാൻ ശ്രമിച്ചെന്നുമാണ് നാസറിന്റെ ആരോപണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe