കാസർകോട്: ചിന്നു പാപ്പുവിന്റെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമികപരിശോധനകൾ നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയേക്കും. ചിന്നുവിന്റെ ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കും.
ഫോൺ വിളിച്ചെങ്കിലും എടുക്കാതെ വന്നതോടെ സുഹൃത്ത് റൂമിലെത്തിയപ്പോഴാണ് ചിന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നു അടുത്തിടെയായി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് വിവരം.
സമൂഹമാധ്യമങ്ങളിലെ താരമായ യുവതി ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിരുന്നു. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. യുവതിയുടെ വിയോഗവാർത്ത ഫോളോവേഴ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
