കണ്ണൂർ: സ്വകാര്യബസ്സുകൾ വ്യാഴാഴ്ച നടത്തിയ സമരം ജില്ലയിൽ പൂർണം. നടാലിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ-തലശേരി റൂട്ടിലോടുന്ന ബസ്സുകൾ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലെ സ്വകാര്യ ബസ്സുകൾ സമരം നടത്തിയത്. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേ ഷൻ കോ-ഓഡിനേഷൻ
കമ്മിറ്റി നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് കെഎസ്ആർടിസി ചില റൂട്ടുകളിലേക്ക് അധിക സർവീസ് നടത്തി.
ദേശീയപാത നിർമാണം
പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്ന് തലശേരിയിലേക്കും തിരിച്ചും സർവീസ് റോഡ് വഴി
ബസ്സുകൾക്ക് ഏഴ് കിലോമീറ്റർ അധികം ഓടേണ്ടി വരും. തോട്ടട വഴി തലശേരി ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾക്ക് നടാൽ ഗേറ്റ് കടന്നാൽ ദേശീയപാതയ്ക്ക്
സമാന്തരമായി നിർമിക്കുന്ന സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ സൗകര്യമില്ല. ബസ്സുകൾ മൂന്നര കിലോമീറ്ററകലെ ചാല ജങ്ഷൻവരെ സഞ്ചരിച്ച് ട്രാഫിക് സർക്കിൾ ചുറ്റി വീണ്ടും നടാൽ ഭാഗത്തേക്ക് സഞ്ചരിക്കണം. ഇതിന് പരിഹാരമായി നടാൽ ഒകെ യുപി സ്കൂളിന് സമീപം പുതിയ ദേശീയപാതയ്ക്ക് കുറുകെ അടിപ്പാത വേണമെന്ന ആവശ്യവുമായാണ് സമരം.
