‘ഫാസ്റ്റാഗ് അക്കൗണ്ടിൽ മിനിമം 400 രൂപ വേണം, അടുത്ത ടോളിൽ വാഹനം കടന്നു പോകുന്നതിനുള്ള പണം കൂടി കാണണം’; തർക്കം

news image
Jan 30, 2026, 4:44 pm GMT+0000 payyolionline.in

പന്തീരാങ്കാവ്: ദേശീയപാത 66ൽ വെങ്ങളം – രാമനാട്ടുകര റീച്ചിൽ ഒളവണ്ണ ടോൾ പ്ലാസയിൽ വാഹന ഉടമകളും ടോൾപ്ലാസ ജീവനക്കാരും തമ്മിലുള്ള തർക്കം തുടരുന്നു. ഫാസ്റ്റാഗ് വഴി പണം നൽകിയിട്ടും മോണിറ്ററിൽ തെളിയാത്തതും വാഹനങ്ങൾ സെൻസർ രേഖ കടന്നു നിർത്തുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും പതിവു സംഭവമായി. സർക്കാർ വാഹനങ്ങൾക്കെതിരെ പോലും ജീവനക്കാരുടെ താക്കീതും വാക്കേറ്റവും നടക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് കലക്ടറുടെ വാഹനവും ജീവനക്കാർ തടഞ്ഞു. പൊലീസ് എത്തിയാണു പ്രശ്നം പരിഹരിച്ചത്. ടോൾപ്ലാസ പ്രവർത്തനം വിലയിരുത്താൻ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ 15ന് ആണ് ടോൾ പ്ലാസ പ്രവർത്തനം തുടങ്ങിയത്. വാഹന ഉടമ ഫാസ്റ്റാഗ് വഴി പണം നൽകിയിട്ടും കൗണ്ടറിലെ മോണിറ്ററിൽ തെളിയാത്തതാണു പ്രശ്നം രൂക്ഷമാക്കുന്നത്. പണം നൽകിയതായി ഉടമയുടെ മൊബൈൽ ഫോണിൽ സന്ദേശം വരുമ്പോൾ കാർ മുന്നോട്ട് എടുക്കുന്നതിനിടെ ജീവനക്കാർ കാറിൽ ശക്തമായി അടിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ മൊകവൂർ സ്വദേശി പി.പി.ഷാജുവിന്റെ കാർ ടോൾ നൽകി മുന്നോട്ട് എടുത്തപ്പോൾ ജീവനക്കാർ കാറിന്റെ വാതിലിൽ ശക്തമായി ഇടിച്ചു. തുടർന്ന് കാർ നിർത്തി ഉടമയും മറ്റു യാത്രക്കാരും പുറത്തിറങ്ങി ജീവനക്കാരുമായി തർക്കമായി. ഇതോടെ വാഹനങ്ങളുടെ നീണ്ട നിരയായി. ഒടുവിൽ സൂപ്പർവൈസർ എത്തി കാർ കടന്നു പോകാൻ അനുവദിച്ചു.

കഴിഞ്ഞ ദിവസം സബ് കലക്ടറുടെ കാർ ടോളിൽ എത്തി സിഗ്നൽ ലഭിച്ചതിനെ തുടർന്നു മുന്നോട്ട് എടുത്തപ്പോൾ ജീവനക്കാർ തടഞ്ഞു. ഡ്രൈവർ സർക്കാർ വാഹനമാണെന്ന് അറിയിച്ചിട്ടും വിട്ടില്ല. അതു വഴി എത്തിയ പൊലീസ് വിവരം അറിഞ്ഞു പ്രശ്നത്തിൽ ഇടപെട്ടാണ് കാർ കടത്തിവിട്ടത്. നിലവിൽ വാഹനങ്ങളുടെ ഫാസ്റ്റാഗ് അക്കൗണ്ടിൽ മിനിമം 400 രൂപ വേണമെന്നാണു പ്ലാസ ജീവനക്കാർ പറയുന്നത്. 130 രൂപ നൽകുമ്പോൾ അടുത്ത ടോളിൽ വാഹനം കടന്നു പോകുന്നതിനുള്ള പണം കൂടി ഫാസ്റ്റാഗിൽ വേണമെന്ന് ഉടമകളോടു ടോൾ പ്ലാസയിലുള്ളവർ പറയുന്നതും തർക്കത്തിനിടയാക്കുന്നു.എന്നാൽ, ഒളവണ്ണ ടോൾ പ്ലാസയിൽ പണം നൽകിയ ശേഷം മറ്റു വഴിക്കു തിരിഞ്ഞു പോകുന്നവരാണെന്ന് അറിയിച്ചിട്ടും ടോൺ പ്ലാസ ജീവനക്കാർ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതോടെയാണു തർക്കം രൂക്ഷമാകുന്നത്. സർക്കാർ വാഹനങ്ങൾക്ക് ബോർഡ്, അനുവദനീയമായ സ്റ്റിക്കർ ഉണ്ടെങ്കിൽ പ്രശ്നമില്ലെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe