ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യയില്ലെന്ന് സുപ്രീംകോടതി. അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്നുള്ള ഉത്തരവാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്ന ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2016ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കെ.എം. ഷാജിക്ക് ഹൈകോടതി അയോഗ്യത വിധിച്ചത്. കേസിൽ ആറ് വര്‍ഷത്തെ അയോഗ്യതയാണ് കേരള ഹൈകോടതി വിധിച്ചത്.
2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയകാര്‍ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹൈകോടതി ശരിവക്കുകയുമായിരുന്നു. കെ.എം. ഷാജി സുപ്രിംകോടതിയെ സമീപിക്കുകയും ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കേസ് അപ്രസക്തമായെങ്കിലും ഷാജിക്കെതിരായ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന നികേഷ് കുമാറിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്ന് കെ.എം. ഷാജിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഹൈകോടതി ഉത്തരവിൽ പുറപ്പെടുവിച്ച അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും നിലനിൽക്കുകയാണെന്ന് നികേഷ് കുമാറിന്റെ അഭിഭാഷകൻ പി.വി. ദിനേശ് കോടതിയിൽ ചൂണ്ടിക്കാട്ടി. എം.എൽ.എ ആയി തുടരാമെങ്കിലും വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങൾക്ക് അർഹതയില്ല തുടങ്ങിയ ഉപാധികളാണ് സുപ്രീംകോടതി മുന്നോട്ട് വെച്ചിരുന്നത്.
