തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിൽ പുതിയ കാര്യമല്ലെന്ന് കെ.കെ രമ. 2005-06 കാലത്ത് രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരിൽ 25 കോടിയിലേറെ രൂപ പിരിച്ചിരുന്നു. വരാനിരിക്കുന്ന രക്തസാക്ഷികൾക്കു കൂടി വേണ്ടിയിട്ടുള്ള ഫണ്ടായിട്ടാണ് അന്നത് ഉണ്ടായിരുന്നത്. അതേക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലെന്നും അതിന്റെ കണക്കുകളൊന്നും എവിടെയും കണ്ടിട്ടില്ലെന്നും രമ തിരുവന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
50 വർഷത്തിലധികമായി പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിസ്വാർഥമായി പ്രവർത്തിച്ച ഒരു ജില്ലാ നേതാവാണ് സഖാവ് കുഞ്ഞികൃഷ്ണൻ. പാർട്ടിക്കുള്ളിൽ നടത്തിയ പോരാട്ടങ്ങൾ ഫലംകാണാതെ വന്നപ്പോഴാണ് അദ്ദേഹം വിഷയങ്ങൾ പൊതുസമൂഹത്തോട് തുറന്നുപറയാൻ തയ്യാറായത്. പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ഒരു പാർട്ടിയുടെ മാത്രം ആഭ്യന്തര വിഷയമല്ലെന്നും രമ ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിൽനിന്ന് പിരിച്ചെടുത്ത ഫണ്ടായതിനാൽ അതിന്റെ കണക്കുകൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.
2005-2006 കാലഘട്ടത്തിൽ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാൻ എന്ന പേരിൽ 25 കോടിയിലധികം രൂപ പാർട്ടി പിരിച്ചിരുന്നുവെന്നും എന്നാൽ, ഇത്തരം ഫണ്ടുകളുടെ കണക്കുകൾ പിന്നീട് ഒരിടത്തും കണ്ടിട്ടില്ലെന്നും അവർ ആരോപിച്ചു.
കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾ ആക്രമിക്കപ്പെടുകയും ബൈക്കുകൾ കത്തിക്കുകയും ചെയ്തിരിക്കുന്നു. പയ്യന്നൂർ പോലുള്ള ഒരു പാർട്ടി ഗ്രാമത്തിൽ എതിരാളികൾ ഇല്ലാത്ത ഇടത്താണ് ഇത്തരത്തിൽ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകുന്നത്. ഈ സാഹചര്യം ഒഞ്ചിയത്ത് തങ്ങൾ അനുഭവിച്ചതിന് സമാനമാണെന്ന് കെ.കെ രമ ചൂണ്ടിക്കാട്ടി. കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ എന്നും അവർ പറഞ്ഞു.
