ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

news image
Jan 27, 2026, 5:37 am GMT+0000 payyolionline.in

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ മദ്യപാനത്തിൽ ഇതേ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.

ഗ്രേഡ് എസ്‌.ഐ ബിനു, സി.പി.ഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എം.എസ്, മനോജ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നാലുപേരാണ് മദ്യപിച്ചത്. എങ്കിലും ആറുപേർക്കെതിരെയും നടപടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പൊലീസുകാർ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വിവാഹ സൽക്കാരത്തിനു പോകുന്നതിന് മുന്നോടിയായിരുന്നു മദ്യപാനം. മദ്യപാനത്തിനുശേഷം കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സൽക്കാരത്തിന് ഇതേ വാഹനമോടിച്ച് ഇവർ പോകുകയും ചെയ്തിരുന്നു.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു. ‘മദ്യപിച്ച സാറന്മാർ ഇനി നാട്ടുകാർ മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കി പെറ്റിയടിക്കാൻ പോകും’ എന്നെല്ലാം നെറ്റിസൺസ് കമന്‍റ് ചെയ്തിരുന്നു. തുടർന്ന് തുടർന്ന് സിറ്റി പൊലീസ് കമീഷണർ ആവശ്യപ്പെട്ട പ്രകാരം കഴക്കൂട്ടം എ.സി.പി ചന്ദ്രദാസ് റിപ്പോർട്ട് സമർപ്പിച്ചു.

വാഹനമോടിച്ച ഗ്രേഡ് എസ്.ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും. പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe