ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് (SIT) ലഭിച്ചു. ഈ തെളിവുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം,. തന്ത്രിയെന്ന തന്റെ പദവി ദുരുപയോഗം ചെയ്ത് കൂടുതൽ തട്ടിപ്പുകൾ നടത്താൻ അദ്ദേഹം പദ്ധതിയിട്ടിരുന്നതായും, ഇതിനായി ദേവപ്രശ്നത്തെ ഒരു മറയാക്കി മാറ്റിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്,. ശ്രീകോവിലിന്റെ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്നാണ് ദേവപ്രശ്നത്തിൽ പറഞ്ഞിരുന്നത്.
തിരുവല്ലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചതിന്റെ രേഖകൾ എസ്ഐടിക്ക് ലഭിച്ചു. പണപ്പയണ വായ്പ നൽകുന്ന ഈ സ്ഥാപനം പൂട്ടിയിട്ട് വർഷങ്ങളായെന്നും വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ നേരിടുകയാണെന്നും സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുക നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതി നൽകാതിരുന്നത് അന്വേഷണസംഘത്തിന്റെ സംശയം വർധിപ്പിച്ചു.
ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ രണ്ടരക്കോടി രൂപയുടെ നഷ്ടത്തെക്കുറിച്ച് തന്ത്രി മറച്ചുവെച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് രേഖകൾ ഹാജരാക്കിയതോടെ, തുക നിക്ഷേപിച്ചിരുന്നതായും ബാങ്ക് പൊളിഞ്ഞപ്പോൾ അത് നഷ്ടപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു. പണം പ്രളയകാലത്ത് നഷ്ടപ്പെട്ടതാണെന്ന അദ്ദേഹത്തിന്റെ വാദം എസ്ഐടി വിശ്വാസത്തിലെടുത്തിട്ടില്ല.
സ്വർണമോഷണക്കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത്, പ്രതികളുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണസംഘത്തിന് കത്തയച്ചിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷമായിരിക്കും ഇതിൽ തീരുമാനമെടുക്കുക. ദേവപ്രശ്നം നടന്ന് മാസങ്ങൾക്ക് ശേഷമാണ് ശബരിമലയിൽ സ്വർണമോഷണം ആരംഭിച്ചതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കൂടുതൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും
