കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടിക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തത് വഴി പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കുകയായിരുന്നു എസ്.ഐ.ടി. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതോടെ ഇനിയും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. എസ്.ഐ.ടിയെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മര്‍ദ്ദമാണെന്നും വി.ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാതെ നീണ്ടുപോകുന്നത് കുറ്റവാളികള്‍ മുഴുവന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന് കാരണമാകും. എസ്.ഐ.ടിയുടെ മേല്‍ വലിയ തോതിലുള്ള സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളത്. അന്വേഷണം വരാൻ സാധ്യതയുള്ളവർക്ക് കൂടി ഇപ്പോൾ ലഭിച്ച ജാമ്യം അനുകൂലമായി ബാധിക്കും.
അന്വേഷണം മന്ദഗതിയിലായിട്ടുണ്ടെന്നാണ് കോടതി പറഞ്ഞത്. ഇതുവരെ എസ്.ഐ.ടിയെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ഇപ്പോഴും എസ്ഐടിയില്‍ എനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ എസ്.ഐ.ടി വീഴ്ച വരുത്തിയിട്ടുണ്ട്. അയ്യപ്പന്റെ സ്വര്‍ണം കട്ടിട്ട് ജാമ്യത്തിന് വരികയാണോ എന്ന് കോടതി ചോദിച്ചിരുന്നു. ഇത്തരം ആളുകള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് തീരെ ശരിയായില്ല.- വി.ഡി സതീശന് പറഞ്ഞു
മൂന്ന് പ്രമുഖ സി.പി.എം നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലില്‍ പോയിട്ടും അവര്‍ക്കെതിരെ ഒരു നടപടി പോലും പാര്‍ട്ടി സ്വീകരിച്ചില്ല. ഇവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥ ഉണ്ടാക്കി കൊടുക്കാന്‍ പാടില്ലായിരുന്നു എന്നും വി.ഡി സതീശൻ പറഞ്ഞു
