കേരളത്തിലെ പോലീസിന് ജനസൗഹൃദ മുഖം നൽകാനായത് ഏറ്റവും വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റകൃത്യ അന്വേഷണത്തിന് ഒരുതരത്തിലുള്ള ബാഹ്യ ഇടപെടലും ഇല്ലാതായി.കുറ്റകൃത്യങ്ങളിൽ അന്വേഷണത്തിന് എല്ലാ സ്വാതന്ത്ര്യവും പോലീസിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 13 പൊലീസ് മന്ദിരങ്ങളുടേയും മറ്റ് വിവിധ പദ്ധതികളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരുവിധത്തിലുള്ള സമ്മർദ്ദവും ഉണ്ടാകുന്നില്ല. കോടതികൾ തന്നെ ഇത് വിലയിരുത്തുന്ന കാര്യമാണ്. കുറ്റാന്വേഷണത്തിൽ പോലീസിന്റെ മികവ് വർദ്ധിപ്പിക്കാനായി. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കാൻ പോലീസിന് കഴിയുന്നു. നാടിൻറെ ക്രമസമാധാനം നല്ല നിലയിൽ മുന്നോട്ട് പോകുന്നു. ശാന്തിയും സമാധാനവും നിലനിൽക്കുന്ന സമൂഹമായി കേരളം മാറി.
ഒരുതരത്തിലുള്ള വർഗീയ സംഘർഷങ്ങളും ഇല്ല. പല കാലങ്ങളിലായി നേരത്തെ നിരവധി വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പല അനിഷ്ട സംഭവങ്ങളും ഉണ്ടായി. പരിക്കേറ്റ വരും ജീവൻ നഷ്ടപ്പെട്ടവരും നിരവധി പേരാണ്. കഴിഞ്ഞ 10 വർഷവുമായി അതിനെല്ലാം പൂർണമായും വിട പറഞ്ഞു. അതിന് ഒരു ഘടകം പോലീസിന്റെ കാര്യക്ഷമമായി പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ആരെയും ചാരി നിൽക്കുന്നില്ല ആരെയും പ്രത്യേകമായി സംരക്ഷിക്കുന്നില്ല.വർഗീയ സംഘർഷങ്ങളിൽ കൃത്യമായ നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നു.
