പാലക്കാട്: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. റെയിൽവെയുടെ നിർദേശപ്രകാരം മുന്നോട്ട് പോകുകയാണ്. മണിക്കൂറിൽ 200 കി.മീ ആയിരിക്കും വേഗത . 14 സ്റ്റേഷനുകളായിരുന്നു ആദ്യപ്ലാൻ. ഇപ്പോ 21 ആക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം , വർക്കല ,കൊല്ലം ,കൊട്ടാരക്കര, അടൂർ , ചെങ്ങന്നൂർ, കോട്ടയം. വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. യാത്രക്കാര്‍ കുറവാണെന്ന് ആദ്യപഠനത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍കോടിനെ ഒഴിവാക്കിയിട്ടുണ്ട്.
തുടക്കത്തിൽ എട്ട് കോച്ചുകളുണ്ടാകും. 560 പേര്‍ക്ക് യാത്ര ചെയ്യാം. പിന്നീട് യാത്രക്കാരുടെ എണ്ണം നോക്കി മാറ്റും. 86000 കോടിയാണ് പദ്ധതി ചെലവ്. ഇത് 1 ലക്ഷം കോടി വരെ നീളാം. പദ്ധതി ചെലവിന്റെ 51 % റെയിൽവേ വഹിക്കും.60000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കണം. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. കിലോമീറ്ററിന് 200 കോടി എന്ന നിലക്കാണ് കണക്കാക്കുന്നത്.
അപകടം കുറയും യാത്രാ ചെലവും കുറയും എന്നതാണ് അതിവേഗ റെയിലിന്റെ പ്രത്യേകത. ഇപ്പോഴുള്ള പാതയുമായി കണക്ഷൻ ഉണ്ടാകില്ല. സ്റ്റാൻഡേർഡ് ഗേജിൽ ആയിരിക്കും നിർമാണം. ഗുഡ്സ് ട്രെയിനുകൾക്ക് സർവീസ് ഉണ്ടാകില്ല.
