‘മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല’; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്

news image
Jan 23, 2026, 4:35 am GMT+0000 payyolionline.in

തിരുവനന്തപുരം: ​ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺ​ഗ്രസ്. ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ശക്തമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും നേതൃത്വം പറയുന്നു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നിൽക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും വിമർശനം. അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ​​ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺ​ഗ്രസ് വിമർശനമുന്നയിച്ചു.

 

ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിലും തനിക്കെതിരായ വിമർശനത്തിലും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും മറുപടിയുമായി ചാണ്ടി ഉമ്മൻ എം എൽ എ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സത്യം കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ  പറഞ്ഞു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്ന കാര്യമാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന ഗണേഷിന്‍റെ ആരോപണത്തിലും ചാണ്ടി ഉമ്മൻ മറുപടി നൽകി. അദ്ദേഹം അക്കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ എന്നായിരുന്നു പ്രതികരണം. പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെ എന്നും ചാണ്ടി ഉമ്മൻ വിവരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താത്പര്യവുമില്ല. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷ കാര്യമല്ല ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്നത് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe