ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു, ‘കേസിലെ പ്രതികളെ സംരക്ഷിക്കുന്നു’, പൊലീസിനെതിരെ പ്രതിഷേധം ശക്തം

news image
Jan 20, 2026, 11:14 am GMT+0000 payyolionline.in

തിരുവനന്തപുരം: കിളിമാനൂരിൽ ഥാർ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രജിത്ത് (39) ആണ് മരിച്ചത്. ബൈക്കിൽ രജിത്തിനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യ അംബിക ഇക്കഴിഞ്ഞ 7ന് മരിച്ചിരുന്നു. ഈ മാസം 3ന് കിളിമാനൂർ പാപ്പാലയിൽ വച്ചായിരുന്നു അപകടം. രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിയ്ക്കുകയായിരുന്നു. രജിത്തിന്‍റെ മൃതശരീരവുമായി നാട്ടുകാർ കിളിമാനൂരിൽ എംസി റോഡ് ഉപരോധിച്ചു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ രജിത്തിന്‍റെ ഭാര്യയുടെ തലയിലൂടെ ഥാർ ജീപ്പ് കയറിയിറങ്ങി.ശേഷം കുടുങ്ങിയ ബൈക്കുമായി ജീപ്പ് 400 മീറ്ററോളം അപകടകരമായി ഓടിച്ച് തെരുവ് വിളക്കിന്‍റെ പോസ്റ്റിൽ ഇടിച്ചു. ഇടിച്ചതിന് ശേഷം നിർത്താതെ പോയ ഥാർ ജീപ്പ് 5 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വച്ച് നാട്ടുകാർ തടയുകയായിരുന്നു. ഈ വാഹനത്തിൽ നിന്നും മദ്യ ലഹരിയിലായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇയാളെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടു. വാഹനത്തിൽ നിന്നും രണ്ട് ഉന്നതരുടെ ഐഡി കാർഡുകളും കണ്ടെത്തിയിരുന്നു. ഉന്നതരെ സംരക്ഷിക്കാൻ കിളിമാനൂർ പൊലീസ് ശ്രമിച്ചുവെന്ന് മരിക്കുന്നതിന് മുമ്പ് രജിത്ത് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ നാളിതുവരേയും ഒരാളെപ്പോലും കിളിമാനൂർ പൊലീസ് പിടികൂടിയിട്ടില്ല. രജിത്തിന്‍റെ ഭാര്യ അംബികയുടെ മരണത്തിന് ശേഷം സമ്മർദ്ദങ്ങളെ തുടർന്നാണ് പൊലീസ് നരഹത്യയ്ക്കുള്ള വകുപ്പ് ചേർത്തത്. ഇന്നലെ രാത്രി പൊലീസ് പിടിച്ച പ്രതിയുടെ ഥാർ വാഹനം രാത്രിയിൽ ആരോ കത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe