രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി മോചനമില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് 22-ലേക്ക് മാറ്റി

news image
Jan 20, 2026, 10:17 am GMT+0000 payyolionline.in

മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി 22 ന് പരിഗണിക്കും. കേസിൽ അന്വേഷണസംഘം സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും കോടതിയുടെ തീരുമാനം. പത്തനംതിട്ട ജില്ല സെഷൻസ് കോടതിയാണ് കേസ് മാറ്റിവച്ചത്

നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ബലാത്സംഗക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് നിരീക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി, അറസ്റ്റ് നിയമവിരുദ്ധമാണെന്നതുൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ സകല വാദങ്ങളും നിരാകരിച്ചിരുന്നു. ഇതേ തുടർന്ന് ശക്തമായ തെളിവുകൾ ജില്ലാ കോടതിയിലും ഹാജരാക്കി ജാമ്യം തടയാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

 

പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണ് നടന്നതെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകർ വാദിച്ചിരുന്നത്. കൂടാതെ, വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയതിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഒപ്പില്ലെന്നും പ്രതിഭാഗം ആരോപിച്ചു.

എന്നാൽ ഡിജിറ്റൽ യുഗത്തിൽ ഇലക്ട്രോണിക് തെളിവുകൾ സ്വീകാര്യമാണെന്നും, എംബസി മുഖാന്തരം ഡിജിറ്റൽ ഒപ്പോടു കൂടിയാണ് മൊഴി ലഭിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുള്ളതും കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe