രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ സ്കിൻ ഡ്രൈ ആയിരുന്നാൽ ആർക്കാണ് വിഷമം തേന്നാതിരിക്കുക അല്ലേ. എന്നാൽ ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ആരോഗ്യ വിദഗ്ധർ തന്നെ ആവർത്തിച്ച് പറയാറുണ്ട് മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം സ്കിൻ നന്നായിരിക്കണം എന്നില്ല കഴിക്കുന്ന ആഹാരത്തിനും നമ്മുടെ സ്കിനിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുണ്ടെന്ന്. ദിവസേന മോയ്സ്ചറൈസ് ചെയ്തിട്ടും ചർമ്മം വരണ്ടതായി തുടരാൻ കാരണമാകുന്ന ഭക്ഷണവും ജീവിതശൈലിയും ബന്ധപ്പെട്ട ചില കാരണങ്ങൾ ചുവടെ ചേർക്കുന്നു.
ശരീരത്തിലെ ജലാംശം കുറയുന്നത്
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നതുപോലെ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ പോലുള്ള ഇലക്ട്രോളൈറ്റുകളും സ്കിനിന് അനിവാര്യമാണ്. ദിവസം മുഴുവൻ തണുത്ത വെള്ളം കുടിച്ചാലും ഈ ഇലക്ട്രോളൈറ്റുകൾ ലഭിക്കാതിരിക്കുകയാണെങ്കിൽ ത്വക്ക് വരളലാകാൻ സാധ്യതയുണ്ട്.
ഫാറ്റി ആസിഡുകളുടെ കുറവ്
പോഷകവിദഗ്ധരുടെ അഭിപ്രായത്തിൽ, ത്വക്കിലെ ഈർപ്പം നിലനിർത്തുന്ന ശക്തമായ ഒരു സ്കിൻ ബാരിയർ രൂപപ്പെടുത്താൻ ഒമേഗ 3, ഒമേഗ 6 പോലുള്ള ഫാറ്റി ആസിഡുകൾ അനിവാര്യമാണ്. ഇവയുടെ കുറവ് ഉണ്ടാകുമ്പോൾ ത്വക്ക് എളുപ്പത്തിൽ ചൊറിച്ചിലിനും വരൾച്ചയ്ക്കും വിധേയമാകും. ചിയ സീഡ്, വാൾനട്ട്സ്, ഫ്ലാക്സ് സീഡ്സ്, എന്നിവയിൽ നിന്നാണ് ഈ അത്യാവശ്യ പോഷകങ്ങൾ ലഭിക്കുന്നത്.
വിറ്റാമിൻ മിനറൽസ് കുറയുന്നത്
ത്വക്കിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് മൈക്രോന്യൂട്രിയന്റുകൾ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ D-യുടെ കുറവ് ത്വക്കിനെ വരണ്ടതാക്കുന്നു. വിറ്റാമിൻ A-യും വിറ്റാമിൻ E-യും ത്വക്കിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ത്വക്കിലെ പാടുകൾ കുറയ്ക്കാനും മുറിവുകൾ ഭേദമാകാനും സിങ്ക് നിർണായകമാണ്. ഭക്ഷണത്തിലൂടെ ഈ പോഷകങ്ങൾ മതിയായ തോതിൽ ലഭിക്കാത്ത പക്ഷം, എത്ര മികച്ച മോയ്സ്ചറൈസർ ഉപയോഗിച്ചാലും അതിന് പകരം വയ്ക്കാൻ കഴിയില്ല.
ഹോർമോണിന്റെയും തൈറോയിഡിന്റെയും അസന്തുലിതാവസ്ഥ
ത്വക്കിലെ എണ്ണമയം നിലനിർത്തുന്നത് തടയപ്പെടുന്ന ചില അവസ്ഥകൾ ഉണ്ട്. ഉദാഹരണത്തിന് ഹൈപോതൈറോയിഡിസം, പെരിമേനോപോസ്, അല്ലെങ്കിൽ ഈസ്ട്രജൻ പ്രോജെസ്റ്റ്രോൺ നിലവാരത്തിലുള്ള മാറ്റങ്ങൾ. ഇതു മൂലം ഉണ്ടാകുന്ന വരൾച്ച മോയിസ്ചറൈസർ ഉപയോഗിച്ചാലും പരിഹരിക്കാൻ കഴിയില്ല. അമിതമായി സ്കിൻ ഡ്രൈ ആകുന്നുണ്ടെങ്കിൽ ഒരു ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ചികിത്സ തേടുക.
