.
ചിങ്ങപുരം : ചിങ്ങപുരം സികെജിഎം എച്ച്എസ്എസിന് ഈ തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഏറെ മധുരമുള്ളതാണ്. വിവിധ ഇനങ്ങളിൽ ആയി 25 മത്സരാർത്ഥികളെയാണ് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ ഈ വിദ്യാലയത്തിന് പങ്കെടുപ്പിക്കാൻ സാധിച്ചത്. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. കലോത്സവ ചരിത്രത്തിലെ ഈ നേട്ടം സികെജി സ്കൂളിന് അഭിമാനകരമാണ്.

ഹയർ സെക്കന്ററി വിഭാഗം അറബനമുട്ട്, പൂരക്കളി, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, ഹൈസ്കൂൾ വിഭാഗം ഓട്ടൻ തുള്ളൽ, പെൻസിൽ ഡ്രോയിങ് എന്നീ ഇനങ്ങളിലായാണ് ഇത്രയധികം കുട്ടികൾ പങ്കെടുത്തത്. അറബനമുട്ടിൽ സ്ഥിരമായി മത്സരിക്കാറുണ്ടെങ്കിലും പൂരക്കളിയിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. ജില്ലാ കലോത്സവത്തിൽ വമ്പൻമാരോട് ഏറ്റ്മുട്ടി അപ്പീലിലൂടെയാണ് പൂരക്കളി ടീം സംസ്ഥാന മേളക്ക് എത്തിയത്.
സ്കൂൾ കാലോത്സവം മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് അഭിമാനകരമായ ഈ നേട്ടത്തിന് പുറകിൽ.കലോത്സവ കമ്മിറ്റിക്ക് ഒപ്പം മുഴുവൻ അധ്യാപകരും, വിദ്യാർഥികളും, പിടിഎയുമെല്ലാം ഒരുമിച്ചതോടെ കാര്യങ്ങൾ കൂടുതൽ മനോഹരമായി. സബ്ജില്ലാ കലോത്സവത്തിൽ ഗ്രൂപ്പിനങ്ങളിൽ മാത്രമായി 28 ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ചില ഇനങ്ങൾക്ക്ക് മാത്രമാണ് വിദഗ്ദ പരിശീലകരെ ഉപയോഗപ്പെടുത്തിയത്. മറ്റെല്ലാം സ്കൂളിലെ ടീച്ചേർസ് തന്നെയാണ് പരിശീലനം നൽകിയത്.
ഇതിന്റെ ഭാഗമായി 230 വിദ്യാർത്ഥികളെ കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. ഇതിന്റെ തുടർച്ചേയെന്നോണം ആദ്യമായി ജില്ലയിലെ 70 ഹയർസെക്കൻഡറി സ്കൂളുകൾക്കിടയിൽ നാലാം സ്ഥാനം നേടിയാണ് ജില്ലാ കലോത്സവത്തിൽ സികെജി തിളങ്ങിയത്.
