ഒളവണ്ണയിലെ ടോൾ പ്ലാസയിൽ ടോൾ പിരിവ്: ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ അധികൃതർക്ക് തലവേദന

news image
Jan 15, 2026, 11:12 am GMT+0000 payyolionline.in

കോഴിക്കോട്∙ ദേശീയപാത 66ൽ വെങ്ങളം– രാമനാട്ടുകര റീച്ചിൽ ഒളവണ്ണയിലെ ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുമ്പോൾ 5 ലൈനുകളിൽ നാലും ഫാസ്റ്റാഗിന്. ഇരു ഭാഗത്തേക്കും 5 വീതം ലൈനുകളാണു വാഹനങ്ങൾക്കു കടന്നു പോകാനായുള്ളത്. ഇതിൽ 1, 2, 3, 4 ലൈനുകൾ ഫാസ്റ്റാഗ് ഉള്ള വാഹനങ്ങൾക്കു മാത്രമുള്ളതാണ്. ലൈൻ ഒന്നും രണ്ടും കാർ അടക്കമുള്ള ലൈറ്റ് മോട്ടർ വാഹനങ്ങൾക്കും മൂന്നും നാലും ബസ്, ട്രക്ക് വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾക്കുമാണ്. ഏറ്റവും ഇടതു വശത്തുള്ള അഞ്ചാമത്തെ ലൈൻ ഫാസ്റ്റാഗുള്ള വലിയ ട്രക്കുകൾക്കും ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾക്കും പോകാനുള്ളതാണ്. ഈ ലൈനിൽ കറൻസിയായോ യുപിഐ വഴിയോ ടോൾ തുക അടയ്ക്കാം. ഓട്ടോറിക്ഷകളും ഈ ലൈനിലൂടെ പോകണം. ഈ ലൈനിന്റെ ഇടതുവശത്ത് ഇരുചക്ര വാഹനങ്ങൾ കടന്നുപോകേണ്ട ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റാഗുള്ള വാഹനങ്ങൾ 6–7 സെക്കൻഡിൽ ട്രയൽ റൺ സമയത്തു ടോൾ കടന്നുപോയി. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ തലവേദനയാകും ഫാസ്റ്റാഗ് ഇല്ലാത്തതോ പ്രവർത്തനക്ഷമമല്ലാത്തതോ ആയ സ്വകാര്യ വാഹനങ്ങളാണു ട്രയൽ റണ്ണിൽ ഏറ്റവുമധികം തലവേദനയുണ്ടാക്കിയത്. കടന്നുപോയവയിൽ 70% വാഹനങ്ങൾക്കും പ്രവർത്തനക്ഷമമായ ഫാസ്റ്റാഗ് ഉണ്ടായിരുന്നില്ല. ലൈനിൽ കയറിയ ശേഷമാണു പലരും ഇതു തിരിച്ചറിഞ്ഞതു തന്നെ. ഇത്തരം വാഹനങ്ങൾ ഫാസ്റ്റാഗ് ലൈനുകളിലൂടെ വന്നതു ട്രയൽ റണ്ണിനിടെ വാഹനക്കുരുക്കിനിടയാക്കി. വാഹനത്തിരക്ക് ഏറ്റവും അധികമുണ്ടാകുന്നതു വൈകിട്ട് 5 മുതൽ 7 വരെയാണെന്നു കണ്ടെത്തിയിട്ടുണ്ട്. നാലായിരത്തോളം വാഹനങ്ങളാണ് ഈ സമയത്ത് ഇരുഭാഗത്തേക്കുമായി കടന്നുപോകുന്നത്.പ്രതിമാസ പാസിന് കൂടുതൽ രേഖകൾ ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്കുള്ള 340 രൂപയുടെ പ്രതിമാസ പാസിന് അപേക്ഷിക്കാൻ വാഹനത്തിന്റ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡ്, ഇലക്ട്രിസിറ്റി ബിൽ, പാസ്പോർട്ട്, ബാങ്ക് പാസ് ബുക്ക്, വോട്ടർ ഐഡി കാർഡ് എന്നിവയി‍ൽ ഏതെങ്കിലുമൊന്നു ഹാജരാക്കിയാൽ മതിയെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു.ആർസിയിലെയും തിരിച്ചറിയൽ കാർഡിലെയും പേര് ഒരുപോലെയായിരിക്കണം. രേഖകളുടെ ഫോട്ടോകോപ്പി സമർപ്പിക്കണം. ചൊവ്വാഴ്ച വൈകിട്ടാണു പ്രതിമാസ പാസ് വിതരണം തുടങ്ങിയത്. ഇന്നലെ 5 മണിക്കകം അഞ്ഞൂറോളം പേർ പ്രതിമാസ പാസ് കൈപ്പറ്റി. ഇവർക്കും പ്രവർത്തനക്ഷമമായ ഫാസ്റ്റാഗ് ഉണ്ടായിരിക്കണം.അഭിഭാഷക കമ്മിഷൻ പരിശോധന നടത്തി ഒളവണ്ണ ടോൾ പ്ലാസയിൽ കോഴിക്കോട് മുൻസിഫ് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ പരിശോധന നടത്തി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അഭിഭാഷക കമ്മിഷൻ ജോർജ് ജോസ്കുട്ടി എത്തിയത്.സർവീസ് റോഡുകളും 3 പാലങ്ങളും പൂർണമാക്കാതെയും നടപ്പാത നിർമിക്കാതെയും ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ബേപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷുഹൈബ് ഫറോക്ക് നൽകിയ പരാതിയിലാണ് അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. ടോൾ പ്ലാസയും മറ്റിടങ്ങളും സന്ദർശിച്ച കമ്മിഷൻ, നിർമാണക്കരാർ കമ്പനി ജീവനക്കാരുമായും ചർച്ച നടത്തി.

 

കമ്മിഷൻ ഇന്നു തന്നെ കോടതിക്കു റിപ്പോർട്ട് നൽകും. സമാനമായ ആക്ഷേപം ഉന്നയിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, കോടതിയിൽ നിന്നു നിർദേശമോ ഉത്തരവോ ലഭിച്ചിട്ടില്ലെന്നും ടോൾ പിരിവ് ഇന്ന് 8 മണിക്കു തന്നെ തുടങ്ങുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ശുചിമുറി, ആംബുലൻസ്, റിക്കവറി വാൻ, കൺട്രോൾ റൂം എന്നിവയെല്ലാം സജ്ജമാണെന്നും ഉദ്യോഗസ്ഥർ പറ‍ഞ്ഞു.ടോൾ പ്ലാസയിലെ അഞ്ചാമത്തെ ലൈനിനോടു ചേർന്നുള്ള ഗോവണിയിൽ കഴിഞ്ഞ ദിവസം രാത്രി, ബസ് ഇടിച്ച് അപകടമുണ്ടായിരുന്നു. ഒന്നാം നിലയിലെ കൺട്രോൾ റൂമിലേക്കുള്ളതാണു ഗോവണി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ∙ വാഹനത്തിൽ പ്രവർത്തനക്ഷമമായ ഫാസ്റ്റാഗ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കിൽ, ടോൾ പ്ലാസയിലോ ദേശീയപാതയിലോ ഉള്ള കൗണ്ടറുകളിൽ നിന്നോ ഓൺലൈൻ ആയോ ഫാസ്റ്റാഗ് റീ ചാർജ് ചെയ്യുക. ∙ യുപിഐ വഴി ടോൾ അടയ്ക്കുന്നവർ 0.25% അധിക തുകയും കറൻസി ആയി അടയ്ക്കുന്നവർ ഇരട്ടി നിരക്കും നൽകേണ്ടി വരും. ∙ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ അഞ്ചാമത്തെ ലൈനിലൂടെ മാത്രം കടന്നുപോകാൻ ശ്രദ്ധിക്കുക. മറ്റു ലൈനുകളിലൂടെ കടന്നുപോകാൻ ശ്രമിച്ചാൽ, വാഹനം തടയും. ഓട്ടമാറ്റിക് ടോൾ ഗേറ്റ് ആയതിനാൽ കൺട്രോൾ റൂമിൽ വിവരം അറിയിച്ച്, അവിടെ നിന്നുള്ള നിർദേശപ്രകാരം മാത്രമേ ടോൾ ബാർ ഉയർത്താൻ കഴിയൂ. ഇതിന് 20 സെക്കൻഡ് എങ്കിലും എടുക്കും. ഇതു പിറകിലുള്ള വാഹനങ്ങൾ വൈകാനും ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനും ഇടയാക്കും. ∙ ഈ രീതിയിൽ ടോൾ ഗേറ്റിൽ കുടുങ്ങുന്ന വാഹനങ്ങൾക്കു പിറകോട്ടു പോകുക ഏതാണ്ട് അസാധ്യമാണെന്നതിനാൽ, ടോൾ ബാർ ഉയർത്തിയ ശേഷം അൽപം മുന്നോട്ടു നീങ്ങി, വാഹനം ഒതുക്കിയിടണം. ടോൾ പണമായോ യുപിഐ വഴിയോ അടച്ച ശേഷമേ യാത്ര തുടരാൻ കഴിയൂ. ∙ ബൈക്കുകളും ഓട്ടോറിക്ഷകളും അഞ്ചാമത്തെ ലൈനിലൂടെ മാത്രം പോകുക. ഇവ ടോൾ അടയ്ക്കേണ്ട.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe