സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ വിജയ് ചിത്രം ‘ജനനായകന്’ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി. സിനിമയുടെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ, അവിടെത്തന്നെ പരിഹാരം തേടാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ കേസ് കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ തങ്ങൾ ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. വരും ദിവസങ്ങളിൽ മദ്രാസ് ഹൈക്കോടതി എടുക്കുന്ന തീരുമാനമാകും സിനിമയുടെ ഭാവി നിശ്ചയിക്കുക.
സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാതെ റിലീസ് തടയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ കോടതിയെ സമീപിച്ചത്. നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സെൻസർ ബോർഡിന്റെ നടപടികളെ വിമർശിക്കുകയും ചിത്രത്തിന് പ്രദർശനാനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ഉടൻ തന്നെ സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയുമായിരുന്നു. ഇതോടെ സിനിമയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി.
ജനുവരി 21-നാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ കേസ് വീണ്ടും പരിഗണിക്കുന്നത്. അതുവരെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാനോ പ്രദർശനം നടത്താനോ സാധിക്കില്ല. സെൻസർ ബോർഡിന്റെ ഭാഗത്ത് നിന്ന് അട്ടിമറി നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണമാണ് അണിയറപ്രവർത്തകർ ഉന്നയിക്കുന്നത്. നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിൽ ആരാധകരും വലിയ ആശങ്കയിലാണ്.
