സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. മന്ത്രിതല ചർച്ചയിൽ ലഭിച്ച ഉറപ്പിനെത്തുടർന്നാണ് സമരം താത്കാലികമായി പിൻവലിക്കാൻ തീരുമാനമായത്.
ആരോഗ്യമന്ത്രി വീണാ ജോർജ്, ധനമന്ത്രി കെഎൻ ബാലഗോപാൽ എന്നിവരുമായി കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവയ്ക്കാൻ ധാരണയായത്. ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി സംഘടനാ നേതാക്കൾ അറിയിച്ചു.
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ശമ്പള കുടിശ്ശിക അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡോക്ടർമാർ സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.
സർക്കാർ നൽകിയ ഉറപ്പുകൾ മുഖവിലയ്‌ക്കെടുത്താണ് സമരം മാറ്റിവയ്ക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെജിഎംസിടിഎ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ മുൻ നിശ്ചയിച്ച പ്രകാരം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
