തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കിൽഡ് ജോലികളിൽ 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക.
മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.
ശിക്ഷാതടവുകാർക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെൻട്രൽ ജയിലുകളിലെ തടവുകാർക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്കാരത്തിലൂടെ മൂവായിരത്തിലധികം ജയിൽപുള്ളികൾക്കാണ് വേതനം കൂടുക. 2018 ൽ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയിൽ വകുപ്പിന്റെ ദൗത്യം മുൻനിർത്തി സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ ആറ് വ്യത്യസ്ത വേതന ഘടനയാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളിൽ പൊതുവെ സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേതന ഘടനയാണ് പ്രാബല്യത്തിലുള്ളത്. കർണാടക, ജാർഖണ്ഡ്, തമിഴ്‌നാട്, ഡൽഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജയിൽ അന്തേവാസികൾക്ക് നിലവിൽ നൽകിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്.
