ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡിഷണൽ കമ്മീഷണർ, സൂപ്രണ്ടിങ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെയും നിയമിച്ചു.
ഇൻഡോറിൽ മലിന ജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ മരണം 10 ആയി. പ്രധാന ജലവിതരണ പൈപ്പ്ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
