കൊയിലാണ്ടിയിൽ റെഡ് കർട്ടൻ കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ചു

news image
Dec 29, 2025, 3:38 pm GMT+0000 payyolionline.in

കൊയിലാണ്ടി: റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പ്രമുഖ നാടകപ്രവർത്തകനും കെപിഏസിയിലെ അഭിനേതാവുമായിരുന്ന കായലാട്ട് രവീന്ദ്രന്റെ 13-ാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സാംസ്ക്കാരിക നിലയം ഹാളിൽ നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യമാറ്റത്തിനായി മനുഷ്യമനസ്സുകളെ കോർത്തിണക്കി മാതൃകാപരമായ സാംസ്ക്കാരികപ്രവർത്തനത്തിന് കായലാട്ട് നേതൃത്വം നൽകിയെന്ന് അദ്ദേഹം അനുസ്മരിച്ചു. അനുസ്മരണസമിതി പ്രസിഡണ്ട് ഇ കെ അജിത് അധ്യക്ഷത വഹിച്ചു.


കവിയും നാടകപ്രവർത്തകനുമായ എം എം സചീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മറ്റൊരു തൊഴിൽമേഖലയിലുമില്ലാത്ത സാമ്പത്തിക അരക്ഷിതാവസ്ഥ നാടക കലാകാരന്മാരുടെ മേഖലയിലുണ്ടെന്നത് പുരോഗമന കേരളം ഉൾക്കൊള്ളണമെന്നും മൂല്യങ്ങൾ ചോരാതെ സങ്കേതങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി ജനകീയനാടകപ്രവർത്തനങ്ങൾ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ്സിക്കൽ കലാരൂപങ്ങളെല്ലാം കാലാതിവർത്തികളാകണമെങ്കിൽ മാറ്റം ഉൾക്കൊണ്ടേ മതിയാവൂ. സംവിധായകൻ മത്സരിക്കുന്ന സ്കൂൾ നാടകപ്രവർത്തനങ്ങളെ, പഠനപ്രവർത്തനങ്ങൾക്ക് ഗുണകരമായ വിധം മുഴുവൻ കുട്ടികൾക്കും പങ്കാളിത്തമുള്ളതാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭ ചെയർമാനുള്ള ഉപഹാരം കായലാട്ട് ഗിരിജരവീന്ദ്രൻ കൈമാറി. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.എസ് സുനിൽമോഹൻ, റെഡ്കർട്ടൻ പ്രസിഡണ്ട് വി കെ രവി, കെ എസ് രമേഷ്ചന്ദ്ര എന്നിവർ പ്രസംഗിച്ചു. റെഡ്കർട്ടൻ സെക്രട്ടറി രാഗം മുഹമ്മദലി സ്വാഗതവും അനുസ്മരണസമിതി സെക്രട്ടറി കെ കെ സുധാകരൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe