നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതക്കെതിരായ പ്രതി മാർട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ പിടിയിൽ

news image
Dec 26, 2025, 1:50 pm GMT+0000 payyolionline.in

തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന കുറ്റവാളി മാർട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തയാൾ അറസ്റ്റിൽ. വയനാട് സ്വദേശിയെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തിന്റെ ഭാഗമായി പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സംസാരിക്കുന്ന വീഡിയോയാണ്‌ വിധി വന്നശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത്‌. അതിജീവിതയുടെ അന്തസിന് കളങ്കം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി ചിത്രീകരിച്ചതാണ്‌ വീഡിയോ എന്ന്‌ പൊലീസ് കണ്ടെത്തി.

 

വീഡിയോ ഷെയർ ചെയ്ത ഇരുന്നൂറിലധികം സൈറ്റുകൾ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്യുന്നവർക്കെതിരെ കേസിൽ പ്രതി ചേർത്ത്‌ നടപടി സ്വീകരിച്ചു വരികയാണെന്ന്‌ നകുൽ ആർ ദേശ്മുഖ് അറിയിച്ചു. വീഡിയോയ്‌ക്ക്‌ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ്‌ പൊലീസ്. സമൂ​ഹമാധ്യമങ്ങളിൽ അതിജീവിതയെ അധിക്ഷേപിക്കാനായി ആരെങ്കിലും സാമ്പത്തി‌ക സഹായം നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്‌. അതിജീവിതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കുറിപ്പുകളിലെ വാക്കുകളിൽപ്പോലും സാമ്യമുണ്ടെന്നും പൊലീസ് കണ്ടെത്തി. വീഡിയോ ഫെയ്‌സ്ബുക്ക് പേജുകളിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൾപ്പെടെ അപ്‍ലോഡ് ചെയ്‌തിട്ടുണ്ടെന്നാണ്‌ നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe