തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് വി.വി. രാജേഷിന് അഭിനന്ദനം അറിയിച്ചുവെന്ന വാർത്തകർക്ക് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്. വി.വി. രാജേഷിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശംസ അറിയിച്ചുവെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.
എന്നാൽ വാർത്ത തെറ്റാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ വി.വി. രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. എന്നാൽ ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാമെന്നാണ് പി.എ അറിയിച്ചത്. കുറച്ചുകഴിഞ്ഞ് പി.എ മുഖ്യമന്ത്രിയെ കണക്ടു ചെയ്തു കൊടുക്കുകയും ചെയ്തു.
താൻ മേയറായി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും നേരിട്ട് വന്ന് കാണാമെന്നും വി.വി. രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. അപ്പോൾ, ആവട്ടെ അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.അതാണ് വി.വി. രാജേഷിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു എന്ന രീതിയിൽ പ്രചരിച്ചത്. ഈ വാർത്തകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണന്നും തിരുത്തണം എന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
51 വോട്ടുകൾ നേടിയാണ് വി.വി. രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്തത്. 50 ബി.ജെ.പി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് ലഭിച്ചത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിക്ക് 29 വോട്ടുകളും യു.ഡി.എഫിന്റെ കെ.എസ്. ശബരീനാഥന് 17 വോട്ടുകളുമാണ് ലഭിച്ചത്.
