രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു; കാരൾ സംഘത്തിലെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു

news image
Dec 24, 2025, 2:32 pm GMT+0000 payyolionline.in

കൊച്ചി ∙ രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിൽ കാരൾ സംഘത്തിൽ ഉൾപ്പെട്ട 20 ൽ ഏറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. ചോറ്റാനിക്കര കോൺഗ്രസ്‌ ബ്ലോക് മുൻ വൈസ് പ്രിസിഡന്റും കണയന്നൂർ നാഗപാടി കുരിശിനു സമീപം ചിറപ്പാട്ട് വീട്ടിൽ സി.എ.തങ്കച്ചനെ (62)യാണ് കാരൾ സംഘത്തിലുൾപ്പെട്ടവർ മർദിച്ചത്. അദ്ദേഹത്തിന്റെ രണ്ട് പല്ല് നഷ്ടപ്പെട്ടുചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് 25ഓളം പേരടങ്ങിയ കാരൾ സംഘം തങ്കച്ചന്റെ വീട്ടിലെത്തിയത്. സംഘത്തില്‍ ചെറിയ കുട്ടികൾ മുതൽ വിവിധ പ്രായത്തിൽപ്പെട്ടവരുണ്ടായിരുന്നു. ഇവർക്ക് കുടുംബം 100 രൂപ നൽകി. സംഘം അടുത്ത വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ 100 രൂപയ്ക്ക് രസീത് നൽകിയില്ലല്ലോ എന്ന് തങ്കച്ചൻ കാരൾ സംഘത്തിലുള്ളവരോട് പറഞ്ഞു. ഇതു കേട്ടതും ‘കഴി‍ഞ്ഞ വർഷവും നീ രസീത് ചോദിച്ച് പ്രശ്നമുണ്ടാക്കിയതാണല്ലോ’ എന്ന് പറഞ്ഞതിനൊപ്പം അസഭ്യവും വിളിച്ചു. തുടർന്ന് സംഘത്തിലെ ഏഴോളം പേർ ഗേറ്റിലെ ലൈറ്റ് തകർക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്ത ശേഷം തങ്കച്ചന്റെ മുഖത്തിടിച്ചു. പിന്നാലെ ഡോലക് കൊട്ടുന്ന വടി ഉപയോഗിച്ചും തങ്കച്ചനെ മർദിച്ചു. തുടർന്ന് സംഘം വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി തങ്കച്ചന്റെ മാതാവിനേയും ഭാര്യയേയും അസഭ്യം വിളിച്ചുവെന്നും 10,000 രൂപയുടെ എങ്കിലും നഷ്ടം സംഭവിച്ചതായി എഫ്ഐആറിൽ പറയുന്നു.പുത്തൻകുരിശ് ഡിവൈഎസ്പിയെ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് തങ്കച്ചന്റെ ബന്ധു കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോയി ഇടങ്ങാട്ടിൽ പറഞ്ഞു. തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ തേടിയ ശേഷം കുടുംബം മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി അടക്കമുള്ളവർക്ക് പരാതി നൽകി. തുടർന്ന് ഇന്നുച്ച കഴിഞ്ഞ് പൊലീസ് തങ്കച്ചന്റെ മൊഴിയെടുത്തു. ഏതോ കൂട്ടായ്മയുടെ ഭാഗമായുള്ളവരാണ് കാരൾ സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് തങ്ങൾക്ക് മനസിലായതെന്ന് ജോമോൻ ജോയ് പറഞ്ഞു.വീട്ടുകാരുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി 20ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് ചോറ്റാനിക്കര എസ്ഐ ഷിബു വർഗീസ് പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നാളെ സംഭവം നടന്നിടത്ത് പോയി മഹസര്‍ രേഖപ്പെടുത്തി തുടർ കേസന്വേഷണം നടത്തും. ആക്രമിച്ചവരെ കണ്ടാൽ അറിയാം എന്നാണ് വീട്ടുകാർ നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ച് ബാക്കി നടപടികൾ പൂർത്തിയാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe