സബ് ജയിലിൽ റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; ആക്രമണം സെല്ലിൽ തിരികെ കയറാൻ ആവശ്യപ്പെട്ടതിന്

news image
Dec 24, 2025, 2:01 pm GMT+0000 payyolionline.in

കൊച്ചി :  മട്ടാഞ്ചേരി സബ് ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതി ജയിൽ ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു. അസി. പ്രിസൺ ഓഫിസർമാരായ റിജുമോൻ, ബിനു നാരായണൻ എന്നിവരുടെ കൈക്കാണ് പരുക്കേറ്റത്. ഇരുവരുടെയും കൈക്ക് ഒടിവുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തൻസീർ എന്നയാളാണ് പ്രതി.ബുധനാഴ്‌ച രാവിലെ ഏഴരയോടെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനു ശേഷം പുറത്തു തങ്ങിയ തൻസീറിനോട് സെല്ലിലേക്ക് തിരികെ കയറാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ പ്രതി കുടിവെള്ള പാത്രത്തിന്റെ ഇരുമ്പു മൂടി എടുത്ത് റിജുമോനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ബിനു നാരായണന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഇരുവരുടേയും വലതു കൈക്കാണ് പരുക്ക്.ആക്രമിച്ചതു കൂടാതെ താൻ പുറത്തിങ്ങിയാൽ ഇരുവരെയും കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണി മുഴക്കിയിട്ടുണ്ട്. തോപ്പുംപടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടാണ് തൻസീറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ മട്ടാഞ്ചേരി സബ്ജയിലില്‍ എത്തുന്നത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ബിഎൻഎസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ജു‍ഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കോടതിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താനാകൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe