സ്ഥിരം കൊറിയറുമായെത്തി, വീട്ടമ്മയോട് ഡെലിവറി ബോയ്ക്ക് പ്രേമം; നിരസിച്ചതോടെ കൊല്ലാൻ ശ്രമം, മണക്കാട് സ്വദേശി പിടിയിൽ

news image
Dec 24, 2025, 1:47 pm GMT+0000 payyolionline.in

തിരുവനന്തപുരം: കൊറിയർ സർവീസിനെത്തിയ വീട്ടിലെ യുവതിയോട് ഡെലിവറി ജീവനക്കാരന് പ്രണയം. വീട്ടമ്മയാണെന്നറിഞ്ഞിട്ടും ശല്യം തുടർന്നു. ഒടുവിൽ പ്രേമാഭ്യർഥന നിരസിച്ചതിന്‍റെ വിരോധത്താൽ യുവതിയെ താമസസ്ഥലത്തു ചെന്ന് കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് എംഎസ്കെ നഗർ സ്വദേശി അക്ഷയ് ജിത്ത്(26) ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. സ്വകാര്യ കൊറിയർ കമ്പനിയിലെ ഡെലിവറി ജോലിക്കാരനായ യുവാവ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയെ രണ്ട് വർഷം മുമ്പാണ് പ്രതി പരിചയപ്പെടുന്നത്. പിന്നാലെ നിരന്തരം ഫോൺ ചെയ്യുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു.പല തവണ യുവതിയോട് പ്രേമാഭ്യർഥന നടത്തി. ഇവർ പ്രേമാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസവും കൊല്ലുമെന്ന് മെസേജ് അയച്ച ശേഷമാണ് തിങ്കളാഴ്ചയോടെ ഇയാൾ വീടിന് സമീപത്തെത്തിയത്. ഉച്ചയോടെ എത്തിയ പ്രതി വീട്ടമ്മയെ അക്രമിക്കാൻ ശ്രമിച്ചു. കുതറിമാറിയ ഇവരെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് സമീപത്തുള്ളവർ എത്തുമ്പോൾ പ്രതി രക്ഷപ്പെട്ടു. പിന്നാലെ ഇവർ തുമ്പ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സമാനമായ പരാതികൾ നേരത്തെയുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe