മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

news image
Dec 23, 2025, 5:49 am GMT+0000 payyolionline.in

കണ്ണൂർ : ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച് ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.  കണ്ണൂരിലേക്കും കൊല്ലത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.

ബംഗളുരുവിൽ നിന്ന് നാളെ പുറപ്പെടുന്ന ട്രെയിൻ മറ്റന്നാൾ കണ്ണൂരിൽ എത്തും. ബെംഗളൂരു-കണ്ണൂർ സ്പെഷ്യൽ (06575/06576) ഡിസംബർ 24 (ബുധനാഴ്ച) വൈകിട്ട് 4:35 ന് എസ്.എം.വി.ടി ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും. 18 കോച്ചുകളാണുള്ളത്. തേർഡ് എസി, സ്ലീപ്പർ കോച്ചുകൾക്ക് പുറമെ പ്രത്യേക ട്രെയിനിൽ 6 ജനറൽ കമ്പാർട്ട്മെന്റുകളുമുണ്ട്. കെ.ആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. ഡിസംബർ 25 രാവിലെ 10:00-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 12:15 ന് ബെംഗളൂരുവിൽ തിരിച്ചെത്തും.

മലബാറിനോടുളള അവഗണയും ക്രിസ്മസ് തിരക്കിൽ യാത്രക്കാർ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകളും മാധ്യമങ്ങളിലൂടെയടക്കം പുറത്ത് വന്നിരുന്നു.മലബാറിലേക്കുള്ള യാത്രാ പ്രശ്നങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് അടക്കം മാധ്യമങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവന്നതും ജനപ്രതിനിധികളുടെ ഇടപെടലുമാണ് റെയിൽവേയുടെ ഈ അടിയന്തര തീരുമാനത്തിന് പിന്നിൽ.

ബെംഗളൂരു -കൊല്ലം എക്സ്പ്രസ് സ്പെഷ്യല്‍

എസ്എംവിടി ബെംഗളൂരു -കൊല്ലം എക്സ്പ്രസ് സ്പെഷ്യല്‍ (06573/06574)ക്രിസ്മസ് ദിവസമായ 25ന് വൈകിട്ട് 3 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06573) 26നു രാവിലെ 6.30നു കൊല്ലത്തെത്തും. തിരിച്ച് അന്ന് രാവിലെ 10.30 ന് കൊല്ലത്ത്നിന്ന് പുറപ്പെടുന്ന ട്രെയിൻ (06574) 27നു പുലർച്ചെ 3.30ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

ഇടപെട്ട് കെ സി വേണുഗോപാലും, കൂടുതൽ ബസുകൾ കർണാടകയോട് ആവശ്യപ്പെട്ടു

റെയിൽവേയ്ക്ക് പുറമെ റോഡ് ഗതാഗത സൗകര്യങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. കേരളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കർണാടക ഗതാഗത മന്ത്രിയുമായി സംസാരിക്കുകയും കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കർണാടക ആർ.ടി.സി പ്രീമിയം ബസുകളിൽ 10% മുതൽ 20% വരെ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ടിക്കറ്റുകളിൽ ഏകദേശം 100 രൂപ മുതൽ 150 രൂപ വരെ കുറവുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe