ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ ഗൂഗിൾ അസിസ്റ്റന്റ് (Google Assistant) യുഗം അവസാനിക്കുന്നു. 2026-ഓടെ ഗൂഗിൾ അസിസ്റ്റന്റിന് പകരം ഗൂഗിളിന്റെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനി (Gemini) എഐ പ്ലാറ്റ്‌ഫോം എത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. സ്മാർട്ട്ഫോണുകൾക്ക് പുറമെ ടാബ്‌ലെറ്റുകളിലും ഐ.ഒ.എസ് (iOS) ആപ്പിലും ഇനി മുതൽ ജമിനി എ ഐ സ്ഥാനം പിടിക്കും .
2016-ലാണ് ഗൂഗിൾ അസിസ്റ്റന്റ് ആദ്യമായി അവതരിപ്പിച്ചത്. കൃത്യം പത്ത് വർഷം തികയുന്ന 2026-ൽ അസിസ്റ്റന്റ് പടിയിറങ്ങുകയാണ് ജനറേറ്റീവ് എഐയെ (Generative AI) മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഗൂഗിളിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. കൂടുതൽ അറിവുള്ളതും വേഗത്തിൽ പ്രതികരിക്കുന്നതുമായ ഒരു പേഴ്സണൽ അസിസ്റ്റന്റിനെയാകും ജെമിനിയിലൂടെ ആളുകൾക്ക് ലഭിക്കുക.
2025 അവസാനത്തോടെ മാറ്റം പൂർത്തിയാക്കാനായിരുന്നു ഗൂഗിൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിനായി സമയപരിധി 2026-ലേക്ക് നീട്ടുകയായിരുന്നു. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലുണ്ടായത്.
നിലവിൽ ഗൂഗിൾ അസിസ്റ്റന്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ജെമിനിക്കും കൃത്യമായി ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക,അവധിക്കാലത്ത് (Holiday Season) പ്ലാറ്റ്‌ഫോമിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നതിനാലുമാണ് മാറ്റം സാവധാനത്തിലാക്കാൻ കമ്പനി തീരുമാനിച്ചത് . വിവിധ രാജ്യങ്ങളിൽ ഘട്ടം ഘട്ടമായാകും ജെമിനിയുടെ പൂർണ്ണരൂപം അവതരിപ്പിക്കുക.
വെറുമൊരു വോയിസ് അസിസ്റ്റന്റ് എന്നതിലുപരി, കൂടുതൽ സ്വാഭാവികമായി സംസാരിക്കാനും കാര്യങ്ങൾ ദൃശ്യരൂപത്തിൽ മനസ്സിലാക്കാനും ജെമിനിക്ക് സാധിക്കും. നിലവിൽ സ്മാർട്ട് വാച്ചുകളിലും ഗൂഗിൾ ടിവിയിലും ലഭ്യമായ ജെമിനി, ഇനി മുതൽ സ്മാർട്ട് സ്പീക്കറുകളിലും ഡിസ്‌പ്ലേകളിലും ലഭ്യമാകും. നോട്ട്ബുക്ക് എൽ.എം (NotebookLM) സപ്പോർട്ട്, എഐ വീഡിയോ ഡിറ്റക്ഷൻ, സെമാന്റിക് സെർച്ച് തുടങ്ങിയ കരുത്തുറ്റ ഫീച്ചറുകൾ ജെമിനിയെ കൂടുതൽ സ്മാർട്ടാക്കും
