ന്യൂഡൽഹി: മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ സൈബർ കുറ്റകൃത്യങ്ങളും രാജ്യത്ത് ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ഏറ്റവും പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. സ്ക്രീൻ ഷെയറിങ് മൊബൈൽ ആപ്ലിക്കേഷനുകളെ സംബന്ധിച്ചാണ് ഇപ്പോൾ ഉപയോക്താക്കൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
ഇന്ത്യൻ സൈബർ നിയമം14c പ്രകാരം ഫോണിലുപയോഗിക്കുന്ന സ്ക്രീൻ ഷെയറിങ് ആപ്പുകൾ കടുത്ത സുരക്ഷാ ഭീഷണി ഉയർത്തുന്നവയാണ്. സൈബർ കുറ്റവാളികൾക്ക് ഇതുവഴി ഫോണിലെ രേഖകൾ ചോർത്താനും അത് വഴി നിയന്ത്രണം കൈക്കലാക്കാനും കഴിയും. നിലവിൽ എനി ഡെസ്ക്, ടീം വ്യൂവർ, ക്യുക്ക് സപ്പോർട്ട് എന്നിവയാണ് ഫോണിൽ നിന്ന് നീക്കം ചെയ്യാൻ ഗവൺമെന്റ് നിർദേശിക്കുന്ന ആപ്ലിക്കേഷനുകൾ.
ബാങ്ക് ഉദ്യോഗസ്ഥരായോ, കസ്റ്റമർ കെയർ ഓപ്പറേറ്ററായോ ഗവൺമെന്റിന്റെ പ്രതിനിധികളായോ ആയി ഉപോയോക്താക്കളെ സമീപിച്ച ശേഷം സ്ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും അതുവഴി വിവരങ്ങൾ ചോർത്തിയെടുക്കുന്നതുമാണ് സൈബർ കുറ്റവാളികളുടെ രീതി. ഇത്തരം ആപ്പുകൾ വഴി ഇവർ ഉപയോക്താവിന്റെ ബാങ്കിങ് ഇടപാടുകൾ മോണിറ്റർ ചെയ്യുകയും ഒ.ടി.പി പാസ് വേഡ് എന്നിവ ചോർത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ പണം ചോർത്തുകയു ചെയ്യും.
സ്മാർട് ഫോൺ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടത്
- ആവശ്യമില്ലെങ്കിൽ സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
- ഏത് സ്ക്രീൻ ഷെയറിങ് ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നതിനുമുമ്പും പെർമിഷൻ ചെക്ക് ചെയ്യുക.
- ഒ.ടി.പിയോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കാതിരിക്കുക.
തട്ടിപ്പ് നടന്നാൽ
- സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ www.cybercrime.gov.in വെബ്സൈറ്റിൽ പരാതിപ്പെടുക.
- നാഷനൽ സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടുക.
