അസമിലെ ഹോജായിയിൽ പാളത്തിലൂടെ കടന്നുപോവുകയായിരുന്ന കാട്ടാനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ട്രെയിൻ പാളം തെറ്റി. സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ ഏഴ് ആനകൾ കൊല്ലപ്പെട്ടു. ഒരു ആനക്കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിൻ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല എന്നാണ് വിവരം.
സംഭവത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 2.17 ഓടെയാണ് ദില്ലിയിലേക്ക് പോകുകയായിരുന്ന ട്രെയിൻ അപകടത്തിൽപ്പെട്ടത്. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. വിവരം അറിഞ്ഞയുടൻ ദുരിതാശ്വാസ ട്രെയിനുകളും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
ആനകൾ കൊല്ലപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വന്യജീവി ഇടനാഴികൾ കൂടുതൽ സുരക്ഷിതമാക്കാൻ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്പർ അസമിലേക്കും വടക്കുകിഴക്കൻ മേഖലയിലെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള ട്രെയിൻ സർവീസുകൾ അപകടത്തെ തുടർന്ന് മുടങ്ങിയിട്ടുണ്ട്. പൊതുവേ ആനകൾ കടന്നു പോകുന്ന ഇടമല്ല ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാളത്തിൽ ആനക്കൂട്ടം നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്.
