37ാം പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ വേര്‍പാട്; പൊട്ടിക്കരഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

news image
Dec 20, 2025, 8:52 am GMT+0000 payyolionline.in

ധ്യാന്‍ ശ്രീനിവാസന്റെ 37ാം ജന്‍മദിനത്തിലുണ്ടായ അച്ഛന്‍ ശ്രീനിവാസന്റെ വേര്‍പാട് തീരാനോവാകുന്നു. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും തമ്മിലുണ്ടായിരുന്നത് അപൂര്‍വമായൊരു ആത്മബന്ധമായിരുന്നു. പൊതുയിടങ്ങളില്‍ പോലും ധ്യാനും ശ്രീനിവാസനും പരസ്പരം ട്രോളിയും കൊണ്ടും കൊടുത്തും ആ ആത്മബന്ധം രസകരമായ രീതിയില്‍ പ്രകടിപ്പിച്ചിരുന്നു. ധ്യാനിനോടുള്ള സ്നേഹം പുറമേയ്ക്ക് പ്രകടിപ്പിക്കാൻ അല്‍പം പിശുക്ക് കാണിച്ച ശ്രീനിവാസൻ പക്ഷേ, അവസാന നാളുകളിൽ ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു.

സ്വതസിദ്ധമായ രീതിയിലുള്ള സംസാരമാണ് അച്ഛന്റേയും മക്കളുടേയും പ്രത്യേകത. ധ്യാനിനെ സ്വതസിദ്ധമായ ശൈലിയിൽ വിമർശിക്കുന്നതിൽ മുൻപിലുണ്ടായിരുന്നു ശ്രീനിവാസൻ. അതിന് തക്ക മറുപടി നല്‍കി ധ്യാനും ഒപ്പമുണ്ടാകും. ഹോക്കിയിൽ ഇന്ദ്രജാലം തീർത്ത ധ്യാൻ ചന്ദിനോടുള്ള ആരാധന കൊണ്ടാണ് രണ്ടാമത്തെ മകന് ധ്യാൻ എന്ന് പേരിട്ടതെന്ന് ഒരിക്കൽ ഒരു ചടങ്ങിൽ വച്ച് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു.

‘ധ്യാൻ ചന്ദ് എന്ന ആള്‍ ഇന്ത്യയിലെ ഹോക്കി മാന്ത്രികൻ എന്നാണു അറിയപ്പെട്ടിരുന്നത്. ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് എന്റെ രണ്ടാമത്തെ മകന് ഇട്ടത്. ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്. പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല’ എന്ന ശ്രീനിവാസന്റെ വാക്കുകൾ അന്ന് കാണികളിൽ ചിരി പടർത്തി.
അതേ ചടങ്ങിൽ സന്നിഹിതനായ ധ്യാന്‍ അച്ഛന്റെ നർമം കലർത്തിയുള്ള ട്രോളിന് മറുപടി നല്‍കി. ‘മലയാള സിനിമയിൽ ഞാനിപ്പോൾ ഒരു മാന്ത്രികനാ’ണെന്നായിരുന്നു ധ്യാനിന്റെ മറുപടി. അച്ഛന്റെയും മകന്റെയും രസകരമായ വാക്പോര് കാണികളിൽ ചിരി നിറച്ചു.
വിനീത് ശ്രീനിവാസൻ സൗമ്യതയോടെ പ്രത്യക്ഷപ്പെട്ടപ്പോൾ അച്ഛൻ ശ്രീനിവാസന്റെ സംസാരത്തിന്റെ മൂർച്ചയും തീവ്രതയും അപ്പാടെ പകർത്തി ‘അച്ഛന്റെ മകൻ തന്നെ’ എന്ന പേര് സമ്പാദിച്ചു. എന്നാൽ ധ്യാനിനോട് ഏറ്റവും കൂടുതൽ വഴക്കിട്ടതും വിമർശിച്ചതും ശ്രീനിവാസൻ ആയിരുന്നു.
മദ്യപാനവും ലഹരിയും കൂടിയതോടെ അച്ഛന്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയ കാര്യവും ഒരിക്കല്‍ ധ്യാന്‍ തുറന്നുപറഞ്ഞിരുന്നു. ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്… വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോൾ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. മദ്യപിച്ചിട്ടാണെങ്കിലും വീട്ടിൽ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ. ലവ് ആക്ഷന്‍ ഡ്രാമ സിനിമയിൽ നിവിൻ നയൻതാരയോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. ‘വീട്ടിൽ അച്ഛൻ കുറേ പൈസ ഉണ്ടാക്കി വച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ല, ഈ പൈസയൊക്കെ ആരെങ്കിലും ചെലവാക്കേണ്ടേ, ഞാന്‍ എന്നും വീട്ടിൽ താങ്ങും തണലുമായി ഉണ്ടാകും.’– ഇത് താന്‍ തന്റെ കാമുകിയോട് ആ സമയത്ത് പറഞ്ഞിട്ടുണ്ടെന്നും അന്ന് ധ്യാന്‍ പറ‍ഞ്ഞു.
പിന്നീട് റീഹാബ് നടത്തി മദ്യവു ലഹരിയും ഉപേക്ഷിച്ചു. എന്നും അച്ഛനൊപ്പമുണ്ടാകും എന്ന വാക്ക് അവസാന നിമിഷം വരെ ധ്യാൻ പാലിച്ചു. അച്ഛന്റെ പാത പിന്തുടർന്ന് ധ്യാനും ഈ അടുത്തകാലത്ത് കൃഷിയിൽ താൽപര്യം കാണിച്ചതും വാര്‍ത്തയായിരുന്നു. അച്ഛന്റെ താല്‍പര്യപ്രകാരമാണ് കൃഷി ഏറ്റെടുക്കുന്നതെന്നും അന്ന് ധ്യാന്‍ പറഞ്ഞു. ശ്രീനിവാസനെയും മോഹൻലാലിനെയും ഒരുമിച്ച് തന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന ധ്യാനിന്റെ മോഹം കൂടിയാണ് ഇപ്പോള്‍ പൂര്‍ത്തിയാവാതെ പോകുന്നത്. അച്ഛന്റെ വേര്‍പാട് തന്റെ ജന്‍മദിനത്തില്‍ തന്നെയായത് കാലത്തിന്റെ യാദൃശ്ചികതയാകാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe