പന്തളം: പൂപ്പൽബാധ തടയുന്നതിനും കൂടുതൽ ദിവസം സൂക്ഷിക്കാനുമായി കേക്കുകളിൽ അമിത അളവിൽ പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ ഉപയോഗിക്കുന്നതായി പരാതി. നിയമപ്രകാരം കേക്കുകളിൽ പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ അനുവദിച്ചിട്ടുണ്ടെങ്കിലും ഓരോന്നും ചേർക്കുന്നതിന് കർശനമായ പരിധി നിശ്ചയിച്ചിട്ടുണ്ട്.
പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ 10 കിലോ കേക്കിൽ പരമാവധി 10 ഗ്രാം മാത്രം ഉപയോഗിക്കാനാണ് ഭക്ഷ്യസുരക്ഷ നിയമം അനുവദിച്ചിട്ടുളളത്. അതിൽ കൂടുതൽ ചേർക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര പരിശോധനയൊന്നും ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നതോടെ ചെറുകിട ഉൽപാദകർ പ്രിസർവേറ്റീവ്സിന്റെ ഉപയോഗരീതിയും നിയന്ത്രണവും മനസ്സിലാക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് സൗജന്യമായി നൽകുന്ന ഫോസ്റ്റാക് പോലുള്ള പരിശീലനങ്ങളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന നിർദേശവുമായി ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്തെത്തി. എല്ലാ ഉൽപാദകരും ആറുമാസത്തിലൊരിക്കൽ ലാബ് ടെസ്റ്റ് നടത്തി സുരക്ഷിതമാണെന്നു ഉറപ്പാക്കണം.
വീടുകളിൽ കേക്കുകൾ ഉണ്ടാക്കി വിൽപന നടത്തുന്നവർ ഭക്ഷ്യസുരക്ഷ വകുപ്പിൽനിന്ന് രജിസ്ട്രേഷൻ എടുക്കണം. അഞ്ചുവർഷത്തെ രജിസ്ട്രേഷന് 500 രൂപയാണ് ഫീസ്. രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ ഫുഡ് ബിസിനസ് ചെയ്യുന്നത് 10 ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും ഇവർ അറിയിച്ചു
