ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ, റെഡ് അലർട്ട് പ്രഖ്യാപിച്ചു; രാജ്യത്തെ വ്യോമഗതാഗതം താറുമാറായി, ഇന്ന് 73 വിമാനങ്ങൾ റദ്ദാക്കി

news image
Dec 19, 2025, 8:12 am GMT+0000 payyolionline.in

ദില്ലി: പുക മഞ്ഞിലും വിഷപ്പുകയിലും രാജ്യ തലസ്ഥാനത്തെ ജന ജീവിതം ദുസ്സഹമായി തുടരുന്നു. ദില്ലിയിൽ വായു ഗുണനിലവാരം ഇന്ന് വളരെ മോശം വിഭാഗത്തിലാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എ ക്യു ഐ. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷപ്പുകക്കൊപ്പം കനത്ത മുടൽമഞ്ഞ് കൂടിയായതോടെ ജനജീവിതവും ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. വ്യോമ ഗതാഗതത്തെ കനത്ത മൂടൽ മഞ്ഞ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 73 വിമാന സർവീസുകളാണ് ഇന്ന് മാത്രം ദില്ലി വിമാനത്താവളത്തിൽ റദ്ദാക്കിയത്. ദില്ലിയിൽ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. റദ്ദാക്കിയതിന് പുറമേ ദില്ലി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകുന്നതും സ്ഥിതി ഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്.

കേരളത്തിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയതോടെ മലയാളികളെയും പ്രതിസന്ധി വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിനിടെ പ്രതിസന്ധിക്ക് പരിഹാരമായി യാത്രക്കാർക്ക് ബദൽ വിമാനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5 മണിക്കുള്ള വിമാനത്തിൽ യാത്രക്കാരെ കൊച്ചിയിൽ എത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ ദുരിതം ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തതിന് പിന്നാലെ എൻ കെ പ്രേമചന്ദ്രൻ എം പി ഇടപെട്ടതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. അതേസമയം റെയിൽ ഗതാഗതത്തെയും മൂടൽ മഞ്ഞ് സാരമായി ബാധിച്ചു.

ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങൾ

വായുമലിനീകരണം രൂക്ഷമായ ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. മലിനീകരണ സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് ഇനി പമ്പുകളിൽ ഇന്ധനം നൽകില്ല. ദില്ലിക്ക് പുറത്തുള്ള വാഹനങ്ങൾ ന​ഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരത് സ്റ്റേജ് ആറിന് താഴെയുളള വാഹനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തുക. ഇതിനായി പ്രത്യേകം ഉദ്യോ​ഗസ്ഥരെ അതിർത്തിയിലടക്കം വിന്യസിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe