കോഴിക്കോട്: മഡ്ഗാവ് – മംഗളൂരു വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടണമെന്നു ഗോവയിൽ നിന്നുള്ള എംപി സദാനന്ദ് ഷേത് തനാവഡെ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള യാത്രക്കാരും സംഘടനകളും ജനപ്രതിനിധികളും നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഗോവയ്ക്കും കേരളത്തിനുമിടയിലുള്ള ടൂറിസ്റ്റുകളുടെയും വിദ്യാർഥികളുടെയും മറ്റു യാത്രക്കാരുടെയും തിരക്കു പരിഗണിച്ച്, വന്ദേഭാരത് കേരളത്തിലേക്കു നീട്ടണമെന്നാണ് സദാനന്ദ് ഷേത് തനാവഡെ ആവശ്യമുന്നയിച്ചത്.
മംഗളൂരു–തിരുവനന്തപുരം, കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുള്ളപ്പോൾ, മഡ്ഗാവ്–മംഗളൂരു വന്ദേഭാരതിൽ ഇപ്പോഴും 30 മുതൽ 35% വരെ മാത്രമാണു ബുക്കിങ്. എം.കെ.രാഘവനും പി.ടി.ഉഷയും അടക്കമുള്ള എംപിമാർ ഇക്കാര്യം പലതവണ പാർലമെന്റിൽ അവതരിപ്പിച്ചതുമാണ്. ഈ ആവശ്യം സദാനന്ദ് ഷേത്ത് തനാവഡെയുടെ ശ്രദ്ധയിൽ പെടുത്തിയതു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കൺവീനർ ജോയ് ജോസഫ് ആണ്. ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടണമെന്നു കോൺഫെഡറേഷൻ ജനറൽ കൺവീനർ സി.ഇ.ചാക്കുണ്ണി ആവശ്യപ്പെട്ടു.
