വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ

news image
Dec 9, 2025, 5:38 am GMT+0000 payyolionline.in

തദ്ദേശ തിരഞ്ഞെടുപ്പിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവർ തിരിച്ചറിയൽ രേഖ കരുതണം, ഒന്നിലധികം വോട്ട് ചെയ്യുന്നതും ആൾമാറാട്ടവും ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നോട്ട സൗകര്യം ഉണ്ടായിരിക്കുന്നതല്ല.തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ, ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്.അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുന്നതാണ്.

 

 

അത്തരം കുറ്റക്കാരെ പോലീസിന് കൈമാറുന്നതാണ്. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അർഹനാണ്.തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസത്തിൽ പോളിങ് സ്റ്റേഷനിൽ പ്രവേശിക്കാൻ കർശന നിയന്ത്രണമുണ്ട്. വോട്ടിങ്ങിന് അർഹതയുള്ള സമ്മതിദായകർ, പോളിങ് ഓഫീസർമാർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാർത്ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ളവർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാൻ കഴിയാത്ത അന്ധതയോ അവശതയോയുള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂർത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തിൽ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസർ പ്രവേശിപ്പിക്കുന്നവർ എന്നിവരെ മാത്രമേ പോളിങ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുകയുള്ളു.
പ്രിസൈഡിങ് ഓഫീസർമാർക്കാണ് ഇതിനുള്ള പൂർണ്ണ അധികാരവും ഉത്തരവാദിത്തവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സമ്മതിദായകനല്ലാത്തതോ വോട്ടെടുപ്പ് നടത്തുന്നതിൽ പ്രിസൈഡിങ് ഓഫീസറെ സഹായിക്കാൻ ചുമതലപ്പെട്ടവരോ അല്ലാത്ത ആരെയും പോളിങ് സ്റ്റേഷനിൽ കടക്കുവാൻ അനുവദിക്കുന്നതല്ല.വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോൾ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുൻപിലെത്തി സ്ലിപ്പ് ഏൽപ്പിക്കണം. ഉദ്യോഗസ്ഥൻ കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റുകൾ വോട്ടിംഗിന് സജ്ജമാക്കും.തുടർന്ന് സമ്മതിദായകൻ വോട്ടിങ് കമ്പാർട്ട്‌മെന്റിലേക്ക് നീങ്ങണം. ബാലറ്റ് യൂണിറ്റിൽ ഏറ്റവും മുകളിൽ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകൾ വോട്ടു രേഖപ്പെടുത്താൻ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ ദീർഘമായ ബീപ് ശബ്‍ദം കേൾക്കുകയും വോട്ട് രേഖപ്പെടുത്തൽ പൂർണ്ണമാവുകയും ചെയ്യും. ശേഷം വോട്ടർക്ക് മടങ്ങാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe