ഇന്ത്യൻ ആര്‍മിയുടെ സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ സംഭവത്തിൽ പഞ്ചാബ് സ്വദേശി അറസ്റ്റില്‍. പ്രകാശ് സിങി(34)നെയാണ് പോലീസ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ രഹസ്യമായിട്ടാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്(isi) രേഖകള്‍ കൈമാറാന്‍ ശ്രമിച്ചത്. രാജസ്ഥാന് സി ഐ ഡി ഇന്റലിജന്‍സിന്റെ ജയ്പൂര്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രകാശ് സിങ് സ്ഥിരമായി പാകിസ്ഥാനിലെ ഐ എസ് ഐ പ്രവര്‍ത്തകരുമായി സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. രാജസ്ഥാന്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ രഹസ്യവിവരങ്ങള്‍ ഇയാള്‍ കൈമാറി എന്നാണ് ആരോപണം.
നവംബര്‍ 27ന് ശ്രീ ഗംഗാനഗറിലെ സാധുവാലി മിലിട്ടറി എസ്റ്റാബ്ലിഷ്മെന്റിനു സമീപം ഇയാളെ സംശയാസ്പദമായ രീതിയില്‍ കണ്ടതായാണ് വിവരം. അങ്ങനെയാണ് അതിര്‍ത്തി സുരക്ഷാസേന പ്രകാശ് സിങിനെ അറസ്റ്റ് ചെയ്യുന്നത്. പ്രാഥമിക അന്വഷണ പ്രകാരം ഇയാളുടെ നമ്പര്‍ പാകിസ്ഥാന് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായി ഇന്റലിജന്‍സ് വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ പ്രഭുല്‍ കുമാര്‍ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ ഓപ്പറേഷൻ സിന്ദൂര്‍ മുതല്‍ ഇയാള്‍ ഐഎസ്ഐയുമായി ഫോണിലൂടെ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി വിവരം ലഭിച്ചു. സൈനിക സ്ഥാപനങ്ങള്‍, സൈനിക വാഹനങ്ങള്‍, അതിര്‍ത്തി വിവരങ്ങള്‍, പാലങ്ങള്‍, റെയില്‍വെ പാതകള്‍, റോഡുകള്‍, പുതിയ നിര്‍മ്മാണ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രകാശ് സിങ് കൈമാറിയതെന്നാണ് വിവരം. പണത്തിന് വേണ്ടിയാണ് വിവരങ്ങള്‍ കൈമാറിയത്.
സൈന്യത്തിന്റെ വിവരങ്ങള്‍ കൈമാറുന്നതിന് പുറമെ ഇന്‍ഡ്യന്‍ പൗരന്മാരുടെ നമ്പറില്‍ നിന്നും ഒടിപി കൈമാറി വ്യാജ ഇന്‍ഡ്യന്‍ വാട്സാപ്പ് അക്കൗണ്ടുകള്‍ ഉണ്ടാക്കിയതായും പറയുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി ജയ്പൂരിലെ സെന്‍ട്രല്‍ ഇന്‍ട്രോഗേഷന്‍ ടീമിന് കൈമാറി. 1923 ലെ ഔദ്യോഗിക രഹസ്യ രഹസ്യ നിയമ പ്രകാരം ജയ്പൂരിലെ പ്രത്യേക പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ തിങ്കളാഴ്ച്ച അറസ്റ്റ് രേഖപ്പെടുത്തി.
