തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
ബലാത്സംഗ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയ്ക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഹൈവേ ഒഴിവാക്കി ജില്ലാ അതിർത്തിയായ കൊഴിഞാമ്പാറ വഴിയാണ് എംഎൽഎ കടന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. രാഹുൽ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും വിവരമുണ്ട്. അതേസമയം,
പാലക്കാട് നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ സിനിമ നടിയുടെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പ് രാഹുലിൻ്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാർ എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഈ കാറിൽ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാർ രാഹുലിനെ ഏൽപ്പിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാൻ നീക്കമുണ്ട്. കാർ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റേ വീട്ടിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായം ചെയ്തോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതോടെ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളെന്നെ ആരോപണം ശക്തമാക്കുകയാണ് ബിജെപി. ആരോപണം നിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ രംഗത്തെത്തി.
