കൊയിലാണ്ടി: 11 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ മിമിക്രി പരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. പേരാമ്പ്ര ചേനോളി സ്വദേശി ഷൈജുവിനെയാണ് (44) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അഞ്ചു വര്‍ഷം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. ജഡ്ജി കെ. നൗഷാദലിയുടേതാണ് വിധി.
2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനിയെ പരിശീലിപ്പിക്കാൻ രക്ഷിതാക്കൾ ഇയാളെ ചുമതലപ്പെടുത്തുകയായിരുന്നു. പരിശീലിപ്പിക്കാൻ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ വീട്ടില്‍ വച്ചും ഇതിന് തൊട്ടടുത്തായുള്ള ബന്ധു വീട്ടില്‍ വച്ചും പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി സ്കൂളിലെ ടീച്ചറോട് സംഭവങ്ങള്‍ വിശദീകരിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കൊയിലാണ്ടി എസ്.ഐ മാരായ എം എല്‍ അനൂപ്, വിശ്വനാഥന് എന്നിവരുടെ നേതൃത്വത്തില്‍ കേസന്വേഷിച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
