തത്കാൽ ടിക്കറ്റ് ബുക്കിങ് ഇനി പഴയതുപോലെയല്ല; ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കാൻ റെയിൽവേ

news image
Dec 2, 2025, 3:46 am GMT+0000 payyolionline.in

ന്യൂഡൽഹി: തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ നിർണായക മാറ്റത്തിന് ഇന്ത്യൻ റെയിൽവേ. ഒടിപി വെരിഫിക്കഷനിലൂടെ മാത്രമേ തത്കാൽ ബുക്കിങ് ഇനി പൂർത്തിയാവുകയുള്ളൂ. ടിക്കറ്റ് ബുക്കിങ് കൂടുതൽ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായാണ് വൺ ടൈം പാസ്‌വേഡ് (OTP) വെരിഫിക്കേഷൻ ഏർപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ, മുംബൈ സെൻട്രൽ – അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ് (ട്രെയിൻ നമ്പർ 12009/12010) ആണ് ഈ ഒടിപി സംവിധാനം നടപ്പിലാക്കുന്നത്. പിന്നീട് ഇത് രാജ്യത്തെ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

ഡിസംബർ മുതൽ തത്കാൽ ബുക്ക് ചെയ്യുന്നവർ ഒടിപി വെരിഫൈ ചെയ്താൽ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. യഥാർഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുക, ബുക്കിങ്ങിലെ സുതാര്യത വർധിപ്പിക്കുക എന്നിവയാണ് മാറ്റത്തിൻ്റെ പ്രധാന ലക്ഷ്യം.

റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഒടിപി അയയ്ക്കും. ഈ ഒടിപി വെരിഫൈ ചെയ്താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ ഉൾപ്പെടെ എല്ലാ ബുക്കിങ് രീതിയിലും ഈ സംവിധാനം ബാധകമാകും.

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള മറ്റു നടപടിക്രമങ്ങൾ സാധാരണ പോലെ തുടരും.

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമം

  • ബുക്കിങ് സമയം തുടങ്ങുന്നതിന് മുമ്പ് ഐആർസിടിസി വെബ്സൈറ്റിലോ അംഗീകൃത പ്ലാറ്റ്‌ഫോമിലോ ലോഗിൻ ചെയ്യുക.
  • യാത്ര ചെയ്യുന്ന സ്റ്റേഷനുകളും തീയതിയും തെരഞ്ഞെടുക്കുക.
  • ‘തത്കാൽ’ ഓപ്ഷൻ തെരഞ്ഞെടുത്ത് ലഭ്യമായ ട്രെയിനുകൾ കണ്ടെത്തുക.
  • യാത്രക്കാരുടെ വിവരങ്ങൾ (പേര്, പ്രായം, ലിംഗഭേദം മുതലായവ) നൽകുക. ഭാവി ബുക്കിങ്ങുകൾക്കായി ‘മാസ്റ്റർ ലിസ്റ്റ്’ ഉപയോഗിക്കാം.
  • നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ പേയ്‌മെൻ്റ് വാലറ്റുകൾ ഉപയോഗിച്ച് പണം അടയ്ക്കുക.

2025 ഒക്ടോബർ 28 മുതൽ, രാവിലെ 8 മണിക്കും 10 മണിക്കും ഇടയിൽ റിസർവേഷൻ ആരംഭിക്കുന്ന ആദ്യ ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈ സമയത്തിന് പുറത്ത് ആധാർ വെരിഫൈ ചെയ്യാത്തവർക്കും ടിക്കറ്റ് ബുക്ക് ചെയ്യാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe