ന്യൂഡൽഹി: ദുബായ് എയർഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമിത ലഘുയുദ്ധവിമാനം ‘തേജസ്’ തകർന്നു മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്കു കൊണ്ടുപോകും. ഭാര്യ അഫ്സാനും വ്യോമസേനയിലെ പൈലറ്റാണ്.
തേജസ് തകർന്നു വീണ സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ നടത്തി. വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് ഇജക്ട് ചെയ്ത് രക്ഷപ്പെടാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കും. കഴിഞ്ഞ കൊല്ലം മാർച്ചിൽ ജയ്സൽമേറിൽ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് ഇജക്ട് ചെയ്തു രക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുമായി രാജ്നാഥ് സിങ് അപകടത്തെക്കുറിച്ചു സംസാരിച്ചു. തദ്ദേശീയ തേജസ് എംകെ1 യുദ്ധവിമാനങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ അപകടമാണു ദുബായിൽ നടന്നത്. ദുബായ് എയർ ഷോയുടെ അവസാന ദിനം ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ സംഘവും തേജസുമാണു വ്യോമാഭ്യാസ പ്രകടനം നടത്തിയത്. സൂര്യകിരൺ സംഘത്തിന്റെ പിന്നാലെയായിരുന്നു തേജസിന്റെ പ്രകടനം. വിമാനം നിലംപതിച്ചതോടെ എയർ ഷോ വേദി മൂകമായി. രക്ഷാപ്രവർത്തകർ അതിവേഗം അപകട സ്ഥലത്തെത്തി വിമാനത്തിലെ തീ അണച്ചു. ഏകദേശം 2 രണ്ടു മണിക്കൂർ നിർത്തിയശേഷം എയർ ഷോ വീണ്ടും തുടങ്ങി.
