വടകര റെയിൽവേ സ്റ്റേഷനടുത്ത് ക്ഷേത്രത്തിന് സമീപം ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി

news image
Nov 20, 2025, 2:42 pm GMT+0000 payyolionline.in

വടകര : റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ മുത്തപ്പൻക്ഷേത്രത്തിനു സമീപം ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുക്കുന്നതായി പരാതി. ക്ഷേത്രത്തിനു സമീപത്തെ വടകര പഴയ ബസ്‌സ്റ്റാൻഡ്, കോട്ടപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തുറന്ന അഴുക്കുചാലിലൂടെയാണ് മാലിന്യമൊഴുക്കുന്നത്. ഇവിടെനിന്നുള്ള ദുർഗന്ധം കാരണം ക്ഷേത്രത്തിലെത്തുന്നവർക്ക് ഏറെ പ്രയാസമുണ്ടാകുന്നുണ്ട്.

അഞ്ചുവർഷത്തോളമായി ഇതിലൂടെ മാലിന്യമൊഴുക്കാൻ തുടങ്ങിയിട്ട്. നേരത്തേ ചില സമയങ്ങളിൽമാത്രമാണ് ഒഴുക്കിവിട്ടിരുന്നത്. ഇപ്പോൾ എല്ലാ ദിവസവും മാലിന്യമൊഴുക്കുന്ന അവസ്ഥയാണ്. രാവിലെയും വൈകീട്ടുമാണ് കൂടുതലായും മാലിന്യമൊഴുക്കുന്നത്. മാത്രമല്ല പ്രദേശത്ത് കൊതുകുശല്യം രൂക്ഷമാണ്.

ക്ഷേത്രദർശനത്തിനും വെള്ളാട്ട് പോലെയുള്ള ഉത്സവങ്ങൾ നടക്കുമ്പോഴും ഒട്ടേറെ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്താറുണ്ട്. ഇവർക്കെല്ലാം ഇവിടെനിന്നുള്ള ദുർഗന്ധവും കൊതുകുശല്യവും വലിയ പ്രയാസമാണുണ്ടാക്കുന്നത്. ഓവുചാലിന് സമീപത്തുകൂടിയാണ് പാക്കയിൽ ഭാഗത്തേക്ക് റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് റോഡ് പോകുന്നത്. ഇതുവഴി ഒട്ടേറെ ആളുകൾ യാത്രചെയ്യാറുണ്ട്.

മലിനജലം ഓവുചാലിലൂടെ റെയിൽപ്പാളത്തിനടിയിലൂടെ പാക്കയിൽ ഭാഗത്തേക്കാണ് ഒഴുകുന്നത്. ഇത്തരത്തിൽ മാലിന്യമൊഴുകുന്നത് പകർച്ചവ്യാധികൾക്ക് ഉൾപ്പെടെ കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.

നഗരസഭയിൽ ഒട്ടേറെത്തവണ പരാതി നൽകിയിട്ടുണ്ടെന്നും വന്നുനോക്കി പോകുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ക്ഷേത്രഭാരവാഹികളുടെ പരാതി.

വരും ദിവസങ്ങളിൽ പരിശോധന നടത്തും

മൂന്നുതവണ ഇവിടെ പരിശോധന നടത്തിയതായി നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. ആ സമയത്ത് ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. പഴയസ്റ്റാൻഡ് വരെയുള്ള സ്ലാബുകൾ മാറ്റി പരിശോധിച്ചാൽ മാത്രമേ ഉറവിടം കണ്ടെത്താൻ സാധിക്കൂ. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുകയും സ്ലാബുകൾ ഉൾപ്പെടെ മാറ്റിപ്പരിശോധിക്കുമെന്നും ഇവർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe