കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ ഡി.ജി.പിക്ക് പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ പരാതി നൽകിയത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നതു സംബന്ധിച്ചുള്ള ഫേസ്ബുക് പോസ്റ്റിലാണ് ടീന ജോസ് കൊലവിളി ആഹ്വാനവുമായി കമൻറിട്ടത്. സെൽട്ടൺ എൽ. ഡിസൂസ എന്ന വ്യക്തിയുടെ പോസ്റ്റിനു കീഴെയായിരുന്നു ഇത്. കമൻറിട്ടതിനു പിന്നാലെ നിരവധി പേർ ഇവർക്കെതിരെ രംഗത്തെത്തി.
ഇതിനിടെ ടീന ജോസിനെ തള്ളിപ്പറഞ്ഞ് സി.എം.സി. സന്യാസിനി സമൂഹവും രംഗത്തെത്തി. ടീനയുടെ അംഗത്വം 2009ൽ കാനോനിക നിയമങ്ങൾക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും അന്നുമുതൽ സന്യാസ വസ്ത്രം ധരിക്കാൻ നിയമപരമായി അവർക്ക് അനുവാദമോ അവകാശമോ ഇല്ലെന്നും സി.എം.സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും സ്വന്തം ഉത്തരവാദിത്തത്തിലാണെന്നും സി.എം.സി സമൂഹത്തിന് പങ്കില്ലെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
